ഒൻ്റാരിയോ റെക്സ്‌ഡെയ്‌ലിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഹംബർവുഡ്-റെക്‌സ്‌ഡെയ്‌ൽ ബൊളിവാർഡിലെ ആർബർവുഡ് ഡ്രൈവിലുള്ള വീട്ടിലായിരുന്നു സംഭവം. 26 വയസ്സുള്ള നവനീത് കൗർ ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ബ്രാംപ്ടണിൽ നിന്നുള്ള 37 കാരനായ ഷാർൺജീത് സിങ് എന്നയാളിനെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പോലീസ് അറിയിച്ചു.
നവനീത് കൗർ കൊല്ലപ്പെടുന്നതിന് മുന്നേ ഷാർൺജീതുമായി വാക്കുതർക്കം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തുടർന്നാണ് നവനീത് കൗറിനു വെടിയേറ്റത്. പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസിന്‍റെ സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്തു. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.







