ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നു. നിരവധി വീടുകൾ തകർന്നു. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വീടുകൾക്കും കെട്ടിടങ്ങൾക്കുമെല്ലാം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
നദിക്കരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. ഹർസിൽ മേഖലയിലെ ഖീർ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയർന്നുവെന്നും ധരാലി മേഖലയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്സിലെ കുറിപ്പിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സർക്കാർ തേടിയിട്ടുണ്ട്.
നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Cloudburst and flash flood in Uttarakhand.
— Mufaddal Vohra (@mufaddal_vohra) August 5, 2025
– Praying for everyone's safety! 🙏❤️pic.twitter.com/OfnSoYL5XA