കനേഡിയൻ മണ്ണിലെ ഖാലിസ്ഥാൻ തീവ്രവാദം കാനഡയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യയുടെ ഉത്തരവാദിത്തമല്ലെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേശ് പട്നായിക്. സി.ടി.വി.ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിഖ് വിഘടനവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഭീഷണികൾ കാനഡയിലുള്ളവർ തന്നെയാണ് സൃഷ്ടിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖാലിസ്ഥാൻ വിഷയം ഉൾപ്പെടെയുള്ള സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി ന്യൂഡൽഹിയും ഓട്ടവയും ഇപ്പോൾ ചർച്ചകൾ നടത്തി വരികയാണെന്നും പട്നായിക് വിശദീകരിച്ചു. കാനഡയിലെ ക്രമസമാധാന നില കനേഡിയൻ അധികൃതർ തന്നെ കൈകാര്യം ചെയ്യണമെന്ന് ഹൈക്കമ്മിഷണർ വ്യക്തമാക്കി. ഒരു സൗഹൃദ രാജ്യത്ത് തനിക്ക് സുരക്ഷാ സംരക്ഷണം ആവശ്യമായി വരുന്നു എന്നതിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് പങ്കുണ്ടെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളെ ദിനേശ് പട്നായിക് തള്ളിക്കളഞ്ഞു. ഈ ആരോപണങ്ങൾ അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതുവരെ ഇന്ത്യക്ക് തെളിവുകളൊന്നും കൈമാറിയിട്ടില്ലെന്നും പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നടപടികളെടുത്തതിന് കാനഡയുടെ പ്രധാനമന്ത്രിയായ മാർക്ക് കാർണിയെ ഹൈക്കമ്മിഷണർ പ്രശംസിച്ചു. കാർണിയുടെ നേതൃത്വം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം സാധാരണ നിലയിലാക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇടപെടൽ ഇന്ത്യ-കാനഡ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരു പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും പട്നായിക് അഭിപ്രായപ്പെട്ടു.







