ഇന്ത്യന്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കപില്‍ ശര്‍മ്മയുടെ ഉടമസ്ഥതയിലുളള ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ കഫേ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ 9 ന് നടന്ന ഖലിസ്ഥാന്‍ ഭീകരാക്രമണത്തിന് ശേഷം ‘കാപ്സ് കഫേ’ അടച്ചിരുന്നു. കഫേയുടെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു അജ്ഞാതരായ ആളുകള്‍ ആക്രമണം നടത്തിയത്. ഖലിസ്ഥാനി ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി (BKI) ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ലഡ്ഡി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
ഭീകരതയുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യയില്‍ തിരയുന്ന പ്രതിയാണ് ലഡ്ഡി. ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരനാണ് ഹര്‍ജിത് സിങ് ലഡ്ഡി. കപില്‍ ശര്‍മയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതനായാണ് ആക്രമണമെന്നാണ് ഹര്‍ജിത് സിങ് ലഡ്ഡി അവകാശപ്പെടുന്നത്. ആക്രമണത്തില്‍ കഫേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും വെടിവെപ്പുണ്ടായി. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും, കഫെയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഹിന്ദു നേതാക്കള്‍ക്കും ഇന്ത്യാ അനുകൂല വ്യക്തികള്‍ക്കും നേരെ അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് ഇയാള്‍ എന്ന് ആരോപിക്കപ്പെടുന്നു. കൂടാതെ 2024 ഏപ്രില്‍ 13-ന് പഞ്ചാബിലെ രൂപ്നഗര്‍ ജില്ലയിലെ നംഗലില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രഭാകറിന്റെ കൊലപാതകത്തിന് ആയുധങ്ങള്‍ ആസൂത്രണം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതിന് ലഡ്ഡിയും കൂട്ടാളിയായ കുല്‍ബീര്‍ സിംഗ് എന്ന സിദ്ധുവും കുറ്റക്കാരാണ്.