തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഭിഭാഷകനായ ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്ക് തൊഴിലിടത്ത് സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാൽ ജാമ്യം നൽകുന്നത് നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ അഭിഭാഷഓഫിസിന് ഉള്ളിൽ രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബെയ്‌ലിൻ ദാസിനെ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
ചൊവ്വാഴ്ചയാണ് തന്റെ ഓഫിസിൽ ബെയ്‌ലിൻ ദാസ് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ചത്. ഇടതുകവിളിൽ അടിയേറ്റു വീണ ശ്യാമിലി എഴുന്നേറ്റു തടയുന്നതിനിടയിൽ കൈയിൽപിടിച്ചു തിരിച്ച ശേഷം ബെയ്‌ലിൻ ദാസ് വീണ്ടും കവിളിൽ അടിക്കുകയായിരുന്നുവെന്നാണ് റിമാൻഡ് അപേക്ഷയിൽ പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ ബെയ്‌ലിൻ ദാസിനെ വ്യാഴാഴ്ച രാത്രി 7 മണിയോടെയാണു തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.