ജിദ്ദ: സൗദിയിലെ ജിദ്ദയിൽ പൊലീസും കവർച്ചാസംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ (26) ആണ് ഒക്ടോബർ 16ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ജാർഖണ്ഡ് തൊഴിൽ വകുപ്പ് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിജയ് കുമാർ മഹാതോയുടെ മരണ വിവരം ലഭിച്ചതായി തൊഴിൽ വകുപ്പിന് കീഴിലുള്ള മൈഗ്രന്റ് കൺട്രോൾ സെല്ലിലെ ടീം ലീഡർ ശിഖ ലാക്ര പറഞ്ഞു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ പൊലീസ് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അതിനുശേഷം മൃതദേഹം ജാർഖണ്ഡിലെ ജന്മസ്ഥലത്തേക്ക് എത്തിക്കുമെന്നും അവർ വ്യക്തമാക്കി.
ഗിരിദിഹ് ജില്ലയിലെ ഡുംരി ബ്ലോക്കിലെ ദുദ്പനിയ ഗ്രാമത്തിൽ നിന്നുള്ള വിജയ് കുമാർ മഹാതോ കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. ഒക്ടോബർ 16ന് വിജയ് കുമാർ ഭാര്യ ബസന്തി ദേവിക്ക് വാട്സ്ആപ്പിലൂടെ ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാൽ ഒക്ടോബർ 24നാണ് വിജയ് കുമാർ വെടിവയ്പ്പിൽ കൊല്ലപ്പെട്ട വിവരം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ അധികൃതർ വീട്ടുകാരെ അറിയിച്ചത്. വിഷയമറിഞ്ഞ സാമൂഹിക പ്രവർത്തകനായ സിക്കന്ദർ അലി, മൃതദേഹം തിരികെ കൊണ്ടുവരാനും കൊല്ലപ്പെട്ട കുടുംബാംഗങ്ങൾക്ക് സൗദി അറേബ്യ അധികൃതരിൽ നിന്ന് നഷ്ടപരിഹാരം ഉറപ്പാക്കാനും സംസ്ഥാന തൊഴിൽ വകുപ്പിനോടും ജില്ലാ ഭരണകൂടത്തോടും അഭ്യർഥിച്ചിട്ടുണ്ട്.







