കാനഡയിൽ ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർധനയെന്ന് പുതിയ റിപ്പോർട്ട്. കാനഡയിലുടനീളം ഓൺലൈനിലും ഓഫ്‌ലൈനിലും ദക്ഷിണേഷ്യൻ വിരുദ്ധ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ ഉയർന്നുവരുന്നത് ഈ സമൂഹങ്ങൾക്കും രാജ്യത്തിന്‍റെ സാമൂഹിക ഘടനയ്ക്കും ഭീഷണി ഉയർത്തുന്നുണ്ട്. വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ 2019-നും 2023-നും ഇടയിൽ 1,350% വർധിച്ചതായി ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് (ISD) റിപ്പോർട്ട് ചെയ്തു. 2019-നും 2023-നും ഇടയിൽ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരായി ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ 227% വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഐഎസ്ഡിയുടെ കണക്കനുസരിച്ച്, ഇതേ കാലയളവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിൽ ദക്ഷിണേഷ്യൻ വിരുദ്ധ അധിക്ഷേപങ്ങൾ അടങ്ങിയ പോസ്റ്റുകൾ, പ്രധാനമായും ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ളവ, 1,350% വർധന രേഖപ്പെടുത്തി.
കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2025 മാർച്ച് 1-നും ഏപ്രിൽ 20-നും ഇടയിൽ, ദക്ഷിണേഷ്യൻ വിരുദ്ധ വംശീയ-വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ രണ്ടായിരത്തിലധികം പോസ്റ്റുകൾ വിവിധ പ്ലാറ്റ്‌ഫോമുകളിലായി പങ്കിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. “അശുദ്ധർ”, “വൈദഗ്ധ്യമില്ലാത്തവർ”, “ഭീഷണിപ്പെടുത്തുന്നവർ” എന്നിങ്ങനെ കാനഡയിലെ ഇന്ത്യക്കാരെ അധിക്ഷേപിക്കാൻ വിവിധ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നുണ്ട്.