അംഗീകൃത ഇമിഗ്രേഷൻ കൺസൾട്ടന്റ് എന്ന വ്യാജേന തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്ത് ഓട്ടവ പൊലീസ് സർവീസ് (ഒപിഎസ്). 35 വയസ്സുള്ള വിനയ് പാൽ സിങ് ബ്രാർ ആണ് പിടിയിലായത്. ഇയാൾ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് പറയുന്നു. 2024 ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്രാർ അറസ്റ്റിലായത്. ബ്രാർ നിരവധി വ്യാജ പേരുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തട്ടിപ്പിനിരയായ കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കുടിയേറ്റ സേവനങ്ങൾ തേടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ സമീപിക്കുന്നതിന് മുമ്പ് ആവശ്യമായ ഫെഡറൽ അല്ലെങ്കിൽ പ്രൊവിൻഷ്യൽ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. തട്ടിപ്പിന് ഇരയായവർക്ക് ഒപിഎസ് വെസ്റ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റുമായി ബന്ധപ്പെടുകയോ ക്രൈം സ്റ്റോപ്പേഴ്സ് വഴി വിവരം നൽകുകയോ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.







