ജമൈക്കയില്‍ ആഞ്ഞടിച്ച മെലിസ കൊടുങ്കാറ്റില്‍ വൻ നാശനഷ്ടവും മരണവും. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. ജമൈക്കയില്‍ എട്ടുപേരും ഹെയ്തിയില്‍ 25 പേരുമാണ് മരിച്ചത്. കൂടാതെ, ഹെയ്തിയില്‍ 18 പേരെ കാണാതായിട്ടുണ്ട്. പടിഞ്ഞാറന്‍ ജമൈക്കയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും താറുമാറായ അവസ്ഥയിലാണ്. ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതി ലൈനുകളും തകരുകയും നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രളയത്തെത്തുടര്‍ന്ന് വീടുകള്‍ തകര്‍ന്നാണ് ഹെയ്തിയില്‍ മരണങ്ങള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മെലിസയുടെ സ്വാധീനം ക്യൂബയിലും അനുഭവപ്പെട്ടു. ക്യൂബയുടെ തെക്കുപടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും. നിരവധി വീടുകള്‍ തകരുകയും മണ്ണിടിച്ചിലില്‍ മലപാതകള്‍ തടസ്സപ്പെടുകയും ചെയ്തു.
മണിക്കൂറില്‍ 297 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റഗറി അഞ്ചില്‍പ്പെട്ട കൊടുങ്കാറ്റായാണ് മെലിസ ആദ്യം തീരത്ത് വീശിയടിച്ചത്. പിന്നീട് ഇത് മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയുള്ള കാറ്റഗറി നാലില്‍പ്പെട്ട കൊടുങ്കാറ്റായി ശക്തി കുറഞ്ഞു. നിലവില്‍, മെലിസ ശക്തി വീണ്ടും കുറഞ്ഞ് കാറ്റഗറി ഒന്നില്‍പ്പെട്ട കൊടുങ്കാറ്റായി ബഹാമസിലൂടെ കടന്നുപോവുകയാണ്.







