മെലിസ ചുഴലിക്കാറ്റിന്റെ കെടുതികൾ നേരിടാൻ കരീബിയൻ രാജ്യങ്ങൾക്ക് 70 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ. ആവശ്യമെങ്കിൽ സൈനികരെ അയക്കാനും കാനഡ തയ്യാറാണെന്ന് ഇന്റർനാഷണൽ ഡെവലപ്മെന്റ് സ്റ്റേറ്റ് സെക്രട്ടറി രൺദീപ് സരായി അറിയിച്ചു. കേടുപാടുകൾ സംഭവിച്ച അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും വ്യാപകമായ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാനും കരീബിയൻ ജനതക്കൊപ്പം കാനഡ നിലകൊള്ളുമെന്നും രൺദീപ് സരായി പറഞ്ഞു. നിലവിൽ ജമൈക്ക ആവശ്യപ്പെട്ടത് മാനുഷിക സഹായമാണെന്നും, കനേഡിയൻ സായുധ സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. എന്നാൽ, 24 മണിക്കൂറും ഏത് സഹായത്തിനും കാനഡ സജ്ജമാണെന്നും അവർ വ്യക്തമാക്കി.
ധനസഹായത്തിൽ 50 ലക്ഷം ഡോളർ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കായി അടിയന്തര പ്രതികരണ ഏജൻസികൾക്കും ആരോഗ്യ ദാതാക്കൾക്കും നൽകും. ശേഷിക്കുന്ന 20 ലക്ഷം ഡോളർ, ഭക്ഷണവും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതിനായി വേൾഡ് ഫുഡ് പ്രോഗ്രാമിന് (WFP) കൈമാറും.







