സമൂഹമാധ്യമത്തിലെ ആർപ്പുവിളികളിലും റീച്ചിലും മതിമറന്നപ്പോൾ ആവേശം ലേശം കൂടിപ്പോയി, ഒടുവിൽ ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്. ഒന്നരലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ്. ദിവസേനയെന്നോണം റീൽസുകൾ. ഭൂരിഭാഗം വീഡിയോയ്ക്കും തെറ്റിദ്ധരിപ്പിക്കുന്നതും ദ്വയാർഥ പ്രയോഗത്തോടെയുമുള്ള തലക്കെട്ടുകൾ. ഇതിനെ കമന്റുകളിലൂടെ ആഘോഷിക്കുകയും വെർബൽ റേപ്പ് നടത്തുകയും ചെയ്യുന്ന ഒരുപറ്റമാളുകൾ. റീൽസുകളിലേറെയ്ക്കും മില്ല്യൺ കാഴ്ചക്കാർ. അതിന്റെ ആവേശത്തിൽ മതിമറക്കുന്ന ബോബി ചെമ്മണ്ണൂർ. ഒടുവിൽ ഇതേ സോഷ്യൽമീഡിയ തന്നെ അദ്ദേഹത്തിന് കെണിയൊരുക്കിയപ്പോൾ ബോബി ചെമ്മണ്ണൂരെന്ന സ്വർണ വ്യാപാരി റീൽസുകളിൽ നിന്ന് ഒടുവിൽ ജയിലിലേക്ക്. അസാധാരണമായിരുന്നു വീഴ്ചയിലേക്കുള്ള യാത്ര.
സ്വർണ വ്യാപാരി എന്ന രീതിയിൽ തുടങ്ങി പലമേഖലകളിൽ കൈവെച്ച ബോബിക്ക് യുവാക്കളുടെ ഇടയിൽ വലിയ സ്വാധീനമായിരുന്നു ഉണ്ടായിരുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. സ്വയം പ്രമോഷൻ എന്ന രീതിയിൽ സോഷ്യൽമീഡിയുടെ സ്വാധീനം തിരിച്ചറിഞ്ഞ ബോബി മറ്റ് വ്യാപാരികളിൽ നിന്നെല്ലാം വ്യത്യസ്തനായി. സോഷ്യൽമീഡിയക്ക് വേണ്ടി എന്ത് കോപ്രായവും കാട്ടുന്നവനെന്ന വിളിപ്പേരും കുറഞ്ഞകാലം കൊണ്ട് സ്വന്തമാക്കി. ഡാൻസും പാട്ടും റൈഡും മത്സരവും സാമൂഹിക സേവനവും ചായപ്പൊടി-ഭാഗ്യക്കുറി വിൽപ്പനയും ഇറച്ചിക്കടയും എന്നുവേണ്ട ബോബി കൈവെക്കാത്ത മേഖലയില്ലെന്ന് തന്നെ പറയാം.
റീൽസുകളിലും വീഡിയോകളിലും പലപ്പോഴും ബോബി ദ്വയാർഥ പ്രയോഗം നടത്തുമ്പോൾ അതിര് വിടുന്നില്ലേ എന്ന് പലപ്പോഴും കാഴ്ചക്കാർ തന്നെ സംശയിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. പക്ഷെ വലിയ പിന്തുണ കമന്റുകളിലൂടെയും മറ്റും ലഭിച്ചതോടെ വിമർശനങ്ങളെ പലപ്പോഴും ന്യായീകരിച്ചു. മലയാളിയുടെ യഥാർഥ അശ്ലീലദാരിദ്രത്തെ മുതലെടുത്ത് വീഡിയോകൾ പതിവായി. പക്ഷെ ഇത് തന്നെ സ്വയം കെണിയിലേക്ക് നയിക്കുമെന്ന് ബോബി കരുതിയതേയില്ല.
നടി ഹണിറോസിന്റെ കാര്യത്തിലും സമാനമായിരുന്നു കാര്യങ്ങൾ. ഉദ്ഘാടനപരിപാടിക്കെത്തുമ്പോൾ ധരിക്കുന്ന വസ്ത്രത്തെയടക്കം അടിസ്ഥാനമാക്കി വലിയ സോഷ്യൽബൂള്ളീങ്ങായിരുന്നു കഴിഞ്ഞ കുറെക്കാലമായി ഹണി റോസ് നേരിട്ടുകൊണ്ടിരുന്നത്. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്ഥാപനത്തിൽ നടി ഉദ്ഘാടനത്തിനെത്തുന്നതും അവരുടെ മുന്നിൽ വെച്ചു തന്നെ ദ്വയാർഥ പ്രയോഗം നടത്തുകയുമെല്ലാം ചെയ്യുന്നത്. ഇത്‌കേട്ട് കയ്യടിക്കുകയും ആർത്ത് വിളിക്കുയും ചെയ്യുന്നവരുടെ വീഡിയോ ഇപ്പോഴും അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലുണ്ട്. സംഭവം വിവാദമായതോടെ പിന്നീടതിനെ ന്യായീകരിക്കുകയും കൂടുതൽ ദ്വയാർഥ പ്രയോഗം നടത്തുകയും ചെയ്ത് രംഗത്ത് വന്നതും ബോബി തന്നെ. അപ്പോഴും ഇത് അറസ്റ്റിലേക്കോ റിമാൻഡിലേക്കോ പോവുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയതുമില്ല. തുടർന്നാണ് നടി പരാതി കൊടുക്കുന്നതും പോലീസ് വളഞ്ഞിട്ട് പിടിച്ച് അറസ്റ്റ് ചെയ്യുന്നതിലേക്കുമെത്തിയത്.
ബോബി ചെമ്മണ്ണൂരിന്റെ ദ്വയാർഥ പ്രയോഗമുള്ള ഓരോ ഇൻസ്റ്റഗ്രാം വീഡിയോയ്ക്കും താഴെ കമന്റുകളുമായെത്തുന്ന മലയാളിയുടെ അറപ്പുളവാക്കുന്ന യഥാർഥ മുഖം കാണാൻ കഴിയും. കമന്റുകളിട്ട് വെർബൽ റേപ്പ് നടത്തുന്നവരെ കാണാം. പക്ഷെ ഇതിനെയൊന്നും നിയന്ത്രിക്കാനോ അങ്ങനെ പാടില്ലെന്ന് തന്റെ അനുയായികളോട് ഒരു തവണയെങ്കിലും പറയാനോ ബോബി തയ്യാറായിരുന്നില്ല. താൻ മറ്റൊരുദ്ദേശ്യം വെച്ചല്ല പറയുന്നതെന്നും മറ്റുള്ളവർ തെറ്റായി ചിത്രീകരിക്കുന്നതിന് എനിക്ക് ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞ് ബോബി ന്യായീകരിക്കുമ്പോഴും അതിനെ അംഗീകരിച്ചുകൊടുക്കാൻ ഒരിക്കലും സാധിക്കില്ല. നിയമ നടപടികളിൽ നിന്ന് മാറി നിൽക്കാനും കഴിയില്ല. പ്രമുഖനായ നിയമവിദഗ്ധനെ ഇറക്കിയിട്ടും ഒരുപക്ഷെ കോടതി ബോച്ചെയ്ക്ക ജാമ്യം നിഷേധിക്കുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കുകയും ചെയ്തിട്ടുണ്ടാവും.
കഴിഞ്ഞദിവസമാണ് സ്ത്രീകളോട് നല്ല ശരീരഘടനയാണല്ലോയെന്ന കമന്റ് പോലും ലൈംഗികാതിക്രമം ആവുമെന്ന് ഒരു കേസ് തീർപ്പാക്കികൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഹണിറോസിന്റെ പരാതിയിൽ ബോബിയെ അറസ്റ്റ് ചെയ്യുന്നതും എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച് റിമാൻഡ് ചെയ്യുന്നതുമെന്നത് ശ്രദ്ധേയം.