ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങുന്നു. കമ്പനിയുടെ ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനത്തോളം പേരെ പിരിച്ചു വിടാനാണ് പുതിയ നീക്കം. ഇത് ഏകദേശം 9000 പേരുടെ തൊഴിൽ നഷ്ടത്തിനിടയാക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനി നടത്തുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാകും ഇത്.
കമ്പനിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് മൈക്രോ സോഫ്റ്റ് വക്താവ് ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി. മിഡിൽ ലെവൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിൻ്റെ പദ്ധതിയെന്നാണ് സൂചന. പുതിയ പ്രഖ്യാപനം 9000 ജീവനക്കാരെ എങ്കിലും ബാധിക്കുമെന്നാണ് വിലയിരുത്തൽ. ലോകമെമ്പാടുമുള്ള നിരവധി ടീമുകളെ, പ്രത്യേകിച്ച് സെയിൽസ് വിഭാഗത്തെ, ഈ വെട്ടിക്കുറയ്ക്കൽ ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
ചലനാത്മകമായൊരു വിപണിയിൽ വിജയത്തിന് അനിവാര്യമായ മാറ്റങ്ങൾ ഞങ്ങൾ തുടർച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു എന്നാണ് മൈക്രോ സോഫ്റ്റ് പ്രസ്താവനയിൽ പറയുന്നത്. 2025 ലെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണ് മൈക്രോ സോഫ്റ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ യഥാർഥ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 2024 ജൂൺ വരെ ലോകമെമ്പാടുമായി ഏകദേശം 228,000 ജീവനക്കാരുണ്ടായിരുന്ന കമ്പനി മെയ് മാസത്തിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു, ഇത് ഏകദേശം 6,000 തൊഴിലാളികളെ ബാധിച്ചിരുന്നു.