ഗാർഡിനർ എക്സ്പ്രസ് വേയുടെ നിർമാണം നവംബർ 10 വരെ നീളുമെന്ന് ഒൻ്റാരിയോ ഗതാഗത മന്ത്രി. ബ്ലൂ ജെയ്‌സിന്റെ വേൾഡ് സീരീസ് മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് കാലതാമസം. നിർമ്മാണം ഒക്ടോബർ 27-ന് പൂർത്തിയാകുമെന്നും അന്ന് തന്നെ എക്സ്പ്രസ് വേ തുറക്കുമെന്നുമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പദ്ധതി വേഗത്തിലാക്കാൻ ഫോർഡ് സർക്കാർ 7.3 കോടി ഡോളർ ചെലവഴിച്ചതും 24 മണിക്കൂർ ജോലിക്ക് അനുമതി നൽകിയതും നിർമ്മാണം വേഗത്തിലാക്കി.
പ്രതിദിനം ഒരു ലക്ഷത്തിലധികം വാഹനങ്ങൾ ആശ്രയിക്കുന്ന ഗാർഡിനർ എക്സ്പ്രസ് വേയിലെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം തിരക്കുള്ള സമയങ്ങളിൽ യാത്രാ സമയം 250 ശതമാനം വരെ വർധിച്ചതായാണ് കണക്കുകൾ. അതേസമയം ഗാർഡിനറിന്റെ മറ്റൊരു ഭാഗത്ത് ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വെസ്റ്റ്ബൗണ്ട് ലൈനിലെ ഈ അടച്ചിടൽ പാർക്ക് ലോൺ റോഡ് മുതൽ ഗ്രാൻഡ് അവന്യൂ വരെയാണ്. കൂടാതെ, 2025 ഏപ്രിൽ മുതൽ 2026 ഡിസംബർ വരെ ഇതേ ഭാഗത്തെ ഈസ്റ്റ്ബൗണ്ട് ലൈനുകൾക്ക് വീതി കുറയ്ക്കുമെങ്കിലും ലൈനുകളുടെ എണ്ണം കുറയില്ലെന്ന് അധികൃതർ വ്യക്തമാക്കി.







