റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്ററോവോയിറ്റിനെ മോസ്‌കോ നഗരപരിസരത്ത് കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് സംഭവം. 2024 മേയിൽ ഗതാഗത മന്ത്രിയായ റോമൻ, ഒരു വർഷത്തിനുള്ളിലാണ് പദവിയിൽ നിന്ന് പുറത്തായത്. മുമ്പ് അഞ്ചു വർഷത്തോളം കുർസ്കിലെ ഗവർണറായിരുന്നു അദ്ദേഹം.
റഷ്യയുടെ വ്യോമയാന, ഷിപ്പിങ് മേഖലകളിൽ പ്രശ്‌നങ്ങൾ ഉയർന്നതിനെ തുടർന്നാണ് റോമന് സ്ഥാനചലനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ മുന്നൂറോളം വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും, തുറമുഖത്തുണ്ടായ സ്ഫോടനത്തെ തുടർന്ന് അമോണിയ വാതകച്ചോർച്ചയുണ്ടാവുകയും ചെയ്തിരുന്നു. അതേസമയം, കുർസ്കിലെ അഴിമതിയാണ് സ്ഥാനനഷ്ടത്തിന് കാരണമെന്നും വാദങ്ങളുണ്ട്. നോവ്ഗൊറോഡ് ഗവർണർ ആൻഡ്രെ നിക്ടിനെ ആക്ടിങ് ഗതാഗത മന്ത്രിയായി നിയമിച്ചു.