ഓട്ടവ : മുൻ കനേഡിയൻ സൈനികൻ ഡേവിഡ് ലാവറി താലിബാൻ തടവിൽ നിന്ന് മോചിതനായി. ഡേവിഡ് ദോഹയിൽ എത്തിയതായി ഖത്തർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കാബൂളിൻ്റെ പതനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ നൂറിലധികം ആളുകളെ സഹായിച്ചത് കനേഡിയൻ ഡേവ് എന്നറിയപ്പെടുന്ന ലാവറിയാണ്. നവംബർ 11-ന് അഫ്ഗാനിസ്ഥാനിൽ എത്തിയ ഡേവിഡിനെ താലിബാൻ പിടികൂടുകയായിരുന്നു.
റേവൻ റേ കൺസൾട്ടിംഗ് സർവീസസ് എന്ന സ്വകാര്യ സെക്യൂരിറ്റി കമ്പനി നടത്തുന്ന ഡേവിഡ് ലാവെറി വർഷങ്ങളോളം അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്ന വ്യക്തിയായിരുന്നു. 2021 ഓഗസ്റ്റിൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയപ്പോൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഭയാർത്ഥികളുടെ രക്ഷയ്ക്കായി ഉണ്ടായിരുന്ന കാനഡക്കാരിൽ ഒരാളായിരുന്നു ലാവറി.