2026-ൽ കാനഡയിൽ ഭക്ഷ്യവില നാല് മുതൽ ആറ് ശതമാനം വരെ വർദ്ധിക്കുമെന്നും, ഇത് ശരാശരി നാലംഗ കുടുംബത്തിൻ്റെ പലചരക്ക് ബില്ലിൽ ഏകദേശം 1,000 ഡോളർ അധികച്ചെലവുണ്ടാക്കുമെന്നും പുതിയ റിപ്പോർട്ട് പറയുന്നു. ഡൽഹൗസി യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വാർഷിക ഭക്ഷ്യവില റിപ്പോർട്ട് അനുസരിച്ച്, അടുത്ത വർഷം ഒരു നാലംഗ കുടുംബത്തിന് ഭക്ഷണത്തിനായി $17,571.79 ചെലവഴിക്കേണ്ടിവരും. ഭക്ഷ്യവിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ 27 ശതമാനം വർദ്ധനയുടെ തുടർച്ചയാണിത്.
യു.എസ്. വാണിജ്യ തർക്കം, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, തൊഴിലാളി ക്ഷാമം, നയപരമായ മാറ്റങ്ങൾ, കനേഡിയൻ ഡോളറിൻ്റെ മൂല്യത്തകർച്ച, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാണ് വിലവർദ്ധനയുടെ കാരണമായി പറയപ്പെടുന്നത്.കാനഡ മറ്റ് വ്യാപാര പങ്കാളികളുമായി ബന്ധം സ്ഥാപിക്കുകയും യുഎസ് കൗണ്ടർ-താരിഫുകൾ നീക്കം ചെയ്യുകയും ചെയ്യുന്നത് ചില സമ്മർദ്ദങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബീഫ് വില ആയിരിക്കും ഏറ്റവും കൂടുതൽ വർദ്ധിക്കുക. ഇത് ഓസ്‌ട്രേലിയയിൽ നിന്നും ന്യൂസിലൻഡിൽ നിന്നുമുള്ള ഇറക്കുമതിക്ക് കാരണമാകും. ഉത്പാദനക്കുറവും പക്ഷിപ്പനി വ്യാപനവും കാരണം ചിക്കൻ വിലയും വർദ്ധിക്കും. കാപ്പിക്കുരു വിളവിനെ കാലാവസ്ഥാ മാറ്റം ബാധിച്ചതിനാൽ കാപ്പി വില ഉയരും. പച്ചക്കറികൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലകളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല.







