ഒട്ടാവ: കാനഡയിൽ കുട്ടികൾക്കിടയിൽ ന്യൂമോണിയ ബാധ രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസങ്ങളിൽ ന്യൂമോണിയ ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ മൂന്നിലൊന്ന് വർദ്ധനവ് ഉണ്ടായതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ പ്രായപരിധിയിലുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമായി ഉയർന്നു.
ഇൻഫ്ലുവൻസ ബാധയുടെ തീവ്രത വർദ്ധിച്ചതാണ് ഇത്തരത്തിൽ ന്യൂമോണിയ കേസുകൾ കൂടാൻ പ്രധാന കാരണമെന്ന് മോൺട്രിയൽ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ജെസ്സി പാപ്പൻബർഗ് വ്യക്തമാക്കി. ഇൻഫ്ലുവൻസ വൈറസ് ശ്വാസകോശത്തിലെ കോശങ്ങളെ ബാധിക്കുന്നത് വഴി ബാക്ടീരിയൽ ന്യൂമോണിയ പിടിപെടാൻ എളുപ്പമാകുന്നുവെന്നാണ് വിദഗ്ധ പക്ഷം. പനി കുറഞ്ഞുവരുന്ന ഘട്ടത്തിൽ പെട്ടെന്ന് രോഗം വഷളാകുന്നത് ബാക്ടീരിയൽ ഇൻഫക്ഷന്റെ ലക്ഷണമാകാം.
കൂടാതെ, കുട്ടികളിൽ ‘വാക്കിംഗ് ന്യൂമോണിയ’ (Walking Pneumonia) കേസുകൾ അസാധാരണമാംവിധം വർദ്ധിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നു. മൈക്കോപ്ലാസ്മ ന്യൂമോണിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം സാധാരണ ന്യൂമോണിയയെ അപേക്ഷിച്ച് ലക്ഷണങ്ങൾ കുറഞ്ഞതാണെങ്കിലും, കഴിഞ്ഞ സീസണിൽ ഇത് വ്യാപകമായി പടർന്നത് ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.






