ദില്ലി: ഉത്തരേന്ത്യയിൽ ദുരിത പെയ്ത്ത് തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ മരിച്ചത് 51 പേരാണ്. 22 പേരെ കാണാതായി. 12 ജില്ലകളിലാണ് മഴക്കെടുതി കനത്ത നാശം വിതച്ചത്. മണ്ഡിയിൽ മാത്രം മരിച്ചത് 12 പേരാണ്. ഇരുന്നൂറിലധികം വീടുകൾ തകർന്നു. നൂറിലധികം പേർ പരിക്കേറ്റു ചികിത്സയിലാണ്. 283 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക വിവരം.
ഉത്തരാഖണ്ഡിൽ 17 പേരാണ് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്. 300 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. ചണ്ഡിഗഡ് – മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. മധ്യ പ്രദേശിലും ഉത്തർ പ്രദേശിലും രാജസ്ഥാനിലും കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.