newsroom@amcainnews.com

കുടുംബ ഡോക്ടർമാരുടെ ദൗർലഭ്യം; മിസിസാഗയിലെ മസ്ജിദിൽ ക്യാമ്പുമായി ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾ

ടൊറന്റോ: കാനഡയിലെ ആരോഗ്യമേഖല നേരിടുന്ന ഏറ്റവും കടുത്ത പ്രതിസന്ധികളിലൊന്നായ കുടുംബ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾ നേരിട്ട് രംഗത്തിറങ്ങി. ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള വിദ്യാർത്ഥികളാണ്, മതിയായ ആരോഗ്യ പരിരക്ഷ ലഭിക്കാത്ത കമ്മ്യൂണിറ്റികളെ സഹായിക്കാൻ വേറിട്ട മാതൃകയുമായി മുന്നോട്ട് വന്നത്. മിസിസാഗയിലെ പ്രശസ്തമായ ‘സെയ്ദ ഖദീജ സെന്റർ’ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയ നൂറുകണക്കിന് ആളുകൾക്കിടയിലേക്കാണ് വിദ്യാർത്ഥികൾ നേരിട്ടെത്തി ബോധവത്കരണവും ഔട്ട്റീച്ച് പരിപാടിയും സംഘടിപ്പിച്ചത്.

താലിയ ഹസ്സൻ, അദീപ് കുട്ടി എന്നീ ഒന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള സംഘമാണ് മസ്ജിദിൽ ക്യാമ്പ് ചെയ്തത്. കാനഡയിലേക്ക് പുതുതായി എത്തുന്ന കുടിയേറ്റക്കാരും അഭയാർത്ഥികളും ഉൾപ്പെടുന്ന വലിയൊരു ജനവിഭാഗം മിസിസാഗയിലുണ്ട്. പലർക്കും ഭാഷാപരമായ തടസ്സങ്ങളും സങ്കീർണ്ണമായ കനേഡിയൻ ആരോഗ്യ സംവിധാനത്തെക്കുറിച്ചുള്ള അറിവില്ലായ്മയും കാരണം ഒരു ഫാമിലി ഡോക്ടറെ കണ്ടെത്താൻ സാധിക്കാറില്ല. ഈ വിടവ് നികത്താനായി വിദ്യാർത്ഥികൾ ജനങ്ങളോട് നേരിട്ട് സംസാരിക്കുകയും സി.പി.ആർ പരിശീലനം നൽകുകയും ചെയ്തു. ഇവരുടെ ശ്രമഫലമായി ഒരൊറ്റ ദിവസം കൊണ്ട് നാൽപ്പതോളം പുതിയ കുടുംബങ്ങളെ ടി.എം.യുവിന്റെ ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്ററുമായി ബന്ധിപ്പിക്കാൻ സാധിച്ചു. പീൽ റീജിയണിലുള്ള ആളുകൾക്ക് ഇനി ഈ കേന്ദ്രം വഴി ഫാമിലി ഡോക്ടറുടെയോ നേഴ്സ് പ്രാക്ടീഷണറുടെയോ സേവനം ഉറപ്പാക്കാം.

മെഡിക്കൽ വിദ്യാർത്ഥികൾ സ്വന്തം നിലയിൽ ഇത്തരമൊരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്തത് കാനഡയിലെ ആരോഗ്യമേഖല എത്രത്തോളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ തെളിവാണെന്ന് ഒന്റാരിയോ മെഡിക്കൽ അസോസിയേഷൻ (OMA) മുൻ പ്രസിഡന്റ് ഡോ. സൊഹൈൽ ഗാന്ധി പ്രതികരിച്ചു. നിലവിൽ കാനഡയിലെ 60 ലക്ഷത്തിലധികം ജനങ്ങൾക്ക് സ്വന്തമായി ഒരു ഫാമിലി ഡോക്ടറില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്റാരിയോയിൽ മാത്രം 25 ലക്ഷത്തിലധികം ആളുകൾ ഈ ദുരിതം അനുഭവിക്കുന്നുണ്ട്. ജോലിഭാരവും കുറഞ്ഞ സാമ്പത്തിക സഹായവും കാരണം ഒന്റാരിയോയിലെ പകുതിയിലധികം ഫാമിലി ഡോക്ടർമാരും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിരമിക്കാൻ ഒരുങ്ങുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.

ആരോഗ്യമേഖലയിലെ ഈ കടുത്ത തകർച്ച പരിഹരിക്കാൻ ഒന്റാരിയോ സർക്കാർ 3.4 ബില്യൺ ഡോളറിന്റെ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ഡോക്ടർമാരുടെ പേപ്പർ വർക്കുകൾക്കും അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്കുമായി പ്രത്യേക ഫണ്ടിംഗ് നൽകാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ 30 വർഷത്തിനിടയിൽ പ്രമേഹം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും ചികിത്സകളുടെയും എണ്ണം വർദ്ധിച്ചതും രോഗികളുടെ ആവശ്യങ്ങൾ സങ്കീർണ്ണമായതും ഡോക്ടർമാരുടെ ജോലിഭാരം വീണ്ടും വർദ്ധിപ്പിച്ചു. ഇത്തരം പ്രതിസന്ധികൾക്കിടയിലും സാധാരണക്കാർക്ക് പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഇറങ്ങിത്തിരിച്ച ഈ യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രവർത്തനം വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയാണ്.

You might also like
A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Severe Influenza Outbreak in Pathanamthitta; Health Department Issues Alert

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Top Picks for You
Top Picks for You