മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന വ്യാജ ഇമെയില്‍. ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ ജില്ലാ കോടതിയുടെ മെയില്‍ ഐഡിയിലേക്ക് സന്ദേശം എത്തിയത്. പിന്നാലെ അണക്കെട്ടില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിനായി നിയോഗിച്ചത്. സന്ദേശം എത്തിയ മെയില്‍ ഐഡിയുടെ വിവരങ്ങള്‍ തേടി മൈക്രോസോഫ്റ്റിനും കത്ത് അയച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു ഇമെയില്‍ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. തൃശൂര്‍ കളക്ടര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് വിവരം കൈമാറിയതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാജ ഭീഷണി സന്ദേശം ആയിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.







