റഷ്യന്‍ സൈന്യത്തിന് സഹായം നല്‍കിയെന്ന് ആരോപിച്ച് 45 കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം ഏര്‍പ്പെടുത്തിയവയില്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളുമുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന 19ാം പാക്കേജിന്റെ ഭാഗമായാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. കംപ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ മെഷീന്‍ ഉപകരണങ്ങള്‍, മൈക്രോ ഇലക്ട്രോണിക്‌സ്, യുഎവി തുടങ്ങി അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ റഷ്യക്ക് ഈ കമ്പനികള്‍ എത്തിച്ചുനല്‍കിയെന്നാണ് ആരോപണം.
വിഷയത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉപരോധം നേരിടുന്നവയില്‍ 17 കമ്പനികളും റഷ്യക്ക് പുറത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇതില്‍ 12 എണ്ണം ചൈന, ഹോങ് കോങ് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്. രണ്ടെണ്ണം തായ്ലന്‍ഡ് കമ്പനികളുമാണ്. ഏയ്‌റോട്രസ്റ്റ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, അസെന്റ് ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ എന്റര്‍പ്രൈസസ് എന്നിവയാണ് ഉപരോധം നേരിടുന്ന മൂന്ന് ഇന്ത്യന്‍ കമ്പനികള്‍.







