കാൽഗറി: ആൽബർട്ടയിലുടനീളം ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ. വരും ദിവസങ്ങളിൽ പകൽ സമയത്തെ ഉയർന്ന താപനില 29-33 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. പ്രവിശ്യയുടെ മധ്യ, വടക്കൻ പ്രദേശങ്ങളിൽ ഇതിനകം തന്നെ ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ട്. അതേസമയം കാൽഗറി ഉൾപ്പെടെയുള്ള തെക്കൻ ആൽബർട്ടയിൽ തിങ്കളാഴ്ച മുതൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
കാൽഗറിയിൽ ഞായറാഴ്ച ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസും,തിങ്കളാഴ്ച 25 ഡിഗ്രി സെൽഷ്യസും,ചൊവ്വാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി പറഞ്ഞു. മറ്റുള്ള ദിവങ്ങളിലെ താപനില 26-30 ഡിഗ്രി സെൽഷ്യസായിരിക്കും. കനത്ത ചൂട് കാരണം തലവേദന, ഓക്കാനം, തലകറക്കം, തീവ്രമായ ക്ഷീണം എന്നിവ അനുഭവപ്പെടാം. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ, ദാഹം തോന്നുന്നതിനു മുമ്പുതന്നെ ധാരാളം വെള്ളം കുടിക്കുക, നിർജ്ജലീകരണ സാധ്യത കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളും എൻവയൺമെൻ്റ് കാനഡ നൽകിയിട്ടുണ്ട്.







