എഡ്മണ്ടൻ: എഡ്മണ്ടൻ ഏരിയയിലെ കൗമാരക്കാരൻ്റെ മരണത്തിന് കാരണം വ്യാജ ഗുളികയാണെന്ന് സംശയിക്കുന്നതായി ആർസിഎംപി. ഇതേ തുടർന്ന് പ്രവിശ്യയിലുടനീളം ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. മാനസികമായ ഉത്കണ്ഠയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നായ സാനാക്സ് പോലുള്ള ഗുളികകൾ സൂക്ഷിക്കണമെന്നാണ് ആർസിഎംപി മുന്നറിയിപ്പ് നൽകുന്നത്. വ്യാജ ഗുളികകളിൽ അപകടകരമായ ഒപിയോയിഡ് അടങ്ങിയിരിക്കാമെന്നാണ് സംശയിക്കുന്നത്.
ജൂലൈ ആദ്യമാണ് എഡ്മണ്ടൺ മേഖലയിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി അമിതമായി ഈ ഗുളിക കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടത്. സാനാക്സിനോട് സാമ്യമുള്ള ഗുളികയായിരുന്നു ഇയാളിൽ നിന്ന് കണ്ടെത്തിയത്. ഈ ഗുളികയിൽ ഐസോടോണിറ്റാസീൻ അടങ്ങിയിരുന്നു എന്ന് പിന്നീട് വ്യക്തമായി. ചാരനിറത്തിലുള്ളതും ചതുരാകൃതിയിലുള്ളതും ഒരു വശത്ത് “ONAX” എന്ന അക്ഷരങ്ങളും മറുവശത്ത് “2” എന്ന സംഖ്യയും ഉള്ള ഗുളികകളാണ് ഇത്. അപൂർവവും വളരെ ശക്തിയുള്ളതുമായ ഒപിയോയിഡ് ആണ് ഇത്. ഇത്തരം ഒപിയോയിഡുകൾ വളരെ അപകടസാധ്യതയുള്ളതും മാരകവുമാണെന്ന് ആർസിഎംപി പറഞ്ഞു. നിലവിൽ ഇത് എഡ്മൻ്റൺ മേഖലയിൽ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രവിശ്യയുടെ മറ്റ് പ്രദേശങ്ങളിലേക്ക് ഇത് പടരുന്നത് തടയാൻ നടപടിയെടുത്ത് വരികയാണെന്നും പൊലീസ് പറഞ്ഞു.