ഓട്ടവ: ദക്ഷിണേഷ്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരെ ഭീഷണിയും പിടിച്ചുപറിയും കൊള്ളയടിക്കലും വർധിച്ച സാഹചര്യത്തിൽ എഡ്മന്റൺ പോലീസ് അന്വേഷണം ഊർജിതമാക്കി. ഈ വർഷം ജൂൺ ആദ്യം മുതൽ ഒരു തീവെപ്പ് ഉൾപ്പെടെ ആറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എഡ്മന്റൺ പോലീസ് ഇടക്കാല മേധാവി ഡെവിൻ ലാഫോഴ്‌സ് പറഞ്ഞു.
എഡ്മന്റൺ ഏരിയയിലെ ദക്ഷിണേഷ്യൻ ഭവന നിർമ്മാതാക്കളെ ലക്ഷ്യമിട്ട് നടത്തിയ തീവെപ്പുകൾക്കും വെടിവെപ്പുകൾക്ക് ശേഷം പ്രോജക്ട് ഗ്യാസ്‌ലൈറ്റ് എന്ന പേരിൽ പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഒരു വർഷം പിന്നിടുമ്പോഴാണ് വീണ്ടും ദക്ഷിണേഷ്യൻ സമൂഹത്തിനെതിരെ ആക്രമണങ്ങൾ വർധിക്കുന്നത്. ഏറ്റവും പുതിയ സംഭവങ്ങൾ പ്രോജക്ട് ഗ്യാസ്‌ലൈറ്റ് കുറ്റകൃത്യങ്ങളിൽ നിന്ന് വേറിട്ടതാണെന്ന് പോലീസ് പറയുന്നു. എങ്കിലും ചിലത് തമ്മിൽ ബന്ധമുള്ളതായും കരുതുന്നതായി ലാഫോഴ്‌സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകളോ സന്ദേശങ്ങളോ ഫോണിലൂടെ ഉണ്ടാകാറുണ്ട്. ചിലപ്പോൾ വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലൂടെയുള്ള ഭീഷണികളും ദക്ഷിണേഷ്യൻ വംശജർക്ക് പ്രത്യേകിച്ച് ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെയുണ്ടാകാറുണ്ട്. ഭീഷണിപ്പെടുത്തലിന്റെ രീതിയും സമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ അടുത്തിടെ നടന്ന കൊള്ളയടിക്കലുകൾക്ക് കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി.