ഓട്ടവ: കാനഡയിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 12 വർഷത്തിനിടയിൽ ആദ്യമായാണ് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ഇത്രയധികം വർദ്ധിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. പോലീസ് റിപ്പോർട്ട് ചെയ്ത മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ നിരക്ക് 2023-നും 2024-നും ഇടയിൽ 13 ശതമാനത്തോളമാണ് വർദ്ധിച്ചത്. കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയവ കൈവശം വെച്ചതിനും കടത്തിയതിനുമുള്ള കേസുകളാണ് ഇവയിൽ കൂടുതലും. എന്നാൽ 2024-ലെ നിരക്ക്, 2011-ലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ വളരെ കുറവാണ്.
2018-ൽ കഞ്ചാവ് നിയമപരമാക്കിയതിനുശേഷം, കഞ്ചാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 2014-ൽ മൊത്തം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ 66 ശതമാനവും കഞ്ചാവുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ 2024-ൽ ഇത് 17 ശതമാനം മാത്രമാണ്. കഞ്ചാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം 2014-ൽ 77,000 ആയിരുന്നത് 2024-ൽ 9,000 ആയി കുറഞ്ഞു. അതേസമയം, കൊക്കെയ്ൻ, ഒപ്പിയോയിഡുകൾ എന്നിവ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ 25 ശതമാനത്തിലേറെയും കൊക്കെയ്നുമായി ബന്ധപ്പെട്ടതായിരുന്നു.
2024-ൽ നോർത്ത് വെസ്റ്റ് ടെറിട്ടറീസിലാണ് ഏറ്റവും ഉയർന്ന മയക്കുമരുന്ന് കുറ്റകൃത്യ നിരക്ക് രേഖപ്പെടുത്തിയത്. ഇത് യൂക്കോൺ, ബ്രിട്ടീഷ് കൊളംബിയ എന്നിവയെക്കാൾ വളരെ കൂടുതലാണ്. പ്രധാന നഗരങ്ങളിൽ വെച്ച് വാൻകൂവറിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത്. ഇവിടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ 35 ശതമാനമാണ് വർദ്ധിച്ചത്.







