അച്ചടക്ക ലംഘനത്തെ തുടർന്ന് കനേഡിയൻ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. ലൈംഗിക അതിക്രമങ്ങൾ, അധികാര ദുർവിനിയോഗം, ക്രിമിനൽ കുറ്റങ്ങൾ, സോഷ്യൽ മീഡിയയിലെ മോശം പെരുമാറ്റം തുടങ്ങിയവയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങളിൽ ഏറെയും. പൊലീസ് സേനയിൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് അസിസ്റ്റന്റ് കമ്മീഷണർ ആൽഫ്രെഡോ ബാംഗ്ലോയ് പറഞ്ഞു. പൊതുജനങ്ങൾക്ക് സേനയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ ഇത്തരം കർശനമായ നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 നവംബറിൽ പ്രാബല്യത്തിൽ വന്ന ‘കണ്ടക്ട് മെഷേഴ്സ് ഗൈഡ്’ പ്രകാരം ലൈംഗിക അതിക്രമം പോലുള്ള ഗൗരവകരമായ കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ ഉടൻ പിരിച്ചുവിടാനാണ് തീരുമാനം.
2024-ൽ മാത്രം 408 ഉദ്യോഗസ്ഥർക്കെതിരെ സ്വഭാവദൂഷ്യത്തിന് ആരോപണം ഉയർന്നതായും ഇതിൽ 30-ഓളം പേരെ പിരിച്ചുവിടുകയോ തരംതാഴ്ത്തുകയോ ചെയ്തതായി പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024-ൽ മാത്രം 443 അച്ചടക്കലംഘന കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്. അന്ന് കുറ്റാരോപിതരായവരിൽ ഏകദേശം 22 പേരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയോ രാജിവെക്കാൻ നിർദ്ദേശിക്കുകയോ ചെയ്തിരുന്നു. ഇവരിൽ 10 പേരെ തരംതാഴ്ത്തിയിരുന്നു. കുറ്റാരോപിതരായവരിൽ നാലിലൊന്ന് പേരുടെയും സ്ഥാനക്കയറ്റം തടയുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്‌തു. 70 ശതമാനം കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെയും പ്രത്യേക പരിശീലനത്തിനും കർശന മേൽനോട്ടത്തിനും അയച്ചാണ് തിരുത്തൽ നടപടികൾ സേന സ്വീകരിച്ചത്. സേനയിലെ ആകെ അംഗങ്ങളിൽ 2 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ഇത്തരം നടപടികൾ നേരിട്ടത്. ഇതിൽ 61 ശതമാനവും കോൺസ്റ്റബിൾ റാങ്കിലുള്ളവരാണ്.







