ഈസ്റ്റേണ്‍ കാനഡയിലെ ഫെറി നിരക്കുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെ, ബ്രിട്ടിഷ് കൊളംബിയയിലെ ഫെറി യാത്രക്കാര്‍ക്കും സമാനമായ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രീമിയര്‍ ഡേവിഡ് എബി. ഓഗസ്റ്റ് ഒന്നു മുതല്‍ ഈസ്റ്റേണ്‍ കാനഡയില്‍ ഫെറി നിരക്കുകള്‍ പകുതിയായി കുറയ്ക്കാന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തീരുമാനിച്ചിരുന്നു.
ഇത് പ്രവിശ്യയോടുള്ള അനീതിയാണെന്ന് ഡേവിഡ് എബി പറഞ്ഞു. മറ്റ് പ്രവിശ്യകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കാന്‍ ബ്രിട്ടിഷ് കൊളംബിയ തയ്യാറാവുമ്പോഴും, ഈസ്റ്റേണ്‍ തീരത്തെ ഫെറി യാത്രക്കാര്‍ക്ക് 300 മടങ്ങ് അധിക സബ്‌സിഡി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 വര്‍ഷമായി ബ്രിട്ടിഷ് കൊളംബിയയ്ക്ക് ലഭിക്കുന്ന ഫെഡറല്‍ സബ്‌സിഡിയില്‍ മാറ്റമില്ലെന്നും, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രവിശ്യകള്‍ക്കും തുല്യമായ ഫണ്ടിങ് ലഭിക്കണമെന്നും എബി ആവശ്യപ്പെട്ടു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രവിശ്യയിലെ ലിബറല്‍ എംപിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹംഅറിയിച്ചു.