കാൽഗറി: മാലിന്യം കുറയ്ക്കുന്നതിനും പുനരുപയോഗവും പുനരുൽപ്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനുമായി കാൽഗറിയിൽ കർബ്സൈഡ് ട്രഷർ ഹണ്ട് എന്ന പേരിൽ പ്രോഗ്രാം അവതരിപ്പിച്ച് സിറ്റി. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യങ്ങളിലാണ് നിധി കണ്ടെത്തൽ പരിപാടി സംഘടിപ്പിക്കുന്നത്. സൗജന്യമായി വിലപിടിപ്പുള്ള വസ്തു കണ്ടെത്തി സ്വന്തമാക്കാനുള്ള പദ്ധതിയാണിത്.
ആശയം വളരെ ലളിതമാണ്. താമസക്കാർക്ക് ഇനി ആവശ്യമില്ലാത്ത ഉപയോഗിച്ചതായ, എന്നാൽ വീണ്ടും ഉപയോഗിക്കാവുന്നതുമായ വസ്തുക്കൾ ട്രഷർ ഹണ്ടിനായി വെക്കാം. ഡ്രൈവ്വേകൾ, നടപ്പാതകൾ എന്നിയിടങ്ങളിൽ വെക്കാം. ഈ വസ്തു ആർക്ക് വേണമെങ്കിലും കണ്ടെത്തുകയും അവ സ്വന്തമാക്കാനും സാധിക്കും. വസ്തുക്കൾ വെക്കുമ്പോൾ ‘സൗജന്യമായത്’ എന്ന് ലേബൽ വെക്കണം.
മാലിന്യക്കൂമ്പാരങ്ങളിൽ ഉപയോഗം കഴിഞ്ഞ് ആവശ്യമില്ലാത്തവ എത്തുന്നത് തടയാനും അവ മറ്റുള്ളവർക്ക് ഉപയോഗപ്രദമാകാനും അതുവഴി പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും നിധി കണ്ടെത്തൽ പ്രോഗ്രാം സഹായിക്കുമെന്ന് സിറ്റി പറയുന്നു. വസ്തുക്കൾ എവിടെ വെക്കണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സിറ്റി വെബ്സൈറ്റിൽ നിന്നും അറിയാം.







