ഓട്ടവ: കാനഡയിലെ ലിബറൽ ഗവൺമെൻ്റ് അടുത്തിടെ അവതരിപ്പിച്ച ‘സ്ട്രോങ് ബോർഡേഴ്സ് ആക്റ്റ്’ (ബിൽ സി-2), രാജ്യത്തെ പൗരൻമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റത്തിന് വഴിയൊരുക്കുമെന്ന് വിമർശനം. പുതിയ നിയമം വഴി ആളുകളുടെ ഓൺലൈൻ അക്കൗണ്ടിലേക്കോ ഉപഭോക്തൃ ഡാറ്റയിലേക്കോ വാറൻ്റ് ഇല്ലാതെ തന്നെ പോലീസിന് എളുപ്പത്തിൽ പ്രവേശനം ലഭിച്ചേക്കുമെന്നാണ് ആശങ്കകൾ ഉയരുന്നത്.
പുതിയ നിയമം നിലവിൽ വന്നാൽ, സംശയാസ്പദമായ ഒരു കുറ്റകൃത്യത്തിൻ്റെ ഭാഗമായിട്ടോ, അന്വേഷണത്തിന് സഹായം ആവശ്യമുള്ളപ്പോഴോ, ആളുകളുടെ സബ്സ്ക്രിപ്ഷൻ വിവരങ്ങളും ഡാറ്റയും ഇന്റർനെറ്റ്, ഓൺലൈൻ കമ്പനികളിൽ നിന്ന് പോലീസിന് ആവശ്യപ്പെടാൻ കഴിയും. സന്ദേശങ്ങളുടെയോ ഇമെയിലുകളുടെയോ യഥാർത്ഥ ഉള്ളടക്കം ഇതിൽ ഉൾപ്പെടില്ലെന്നാണ് സർക്കാർ പറയുന്നത്. ഉള്ളടക്കം ലഭിക്കണമെങ്കിൽ ഇപ്പോഴും ഒരു ജഡ്ജിയുടെ അംഗീകാരം ആവശ്യമാണ്. എന്നാൽ, ഈ ബിൽ കനേഡിയൻ പൗരന്മാരുടെ ചാർട്ടർ അവകാശങ്ങൾ ലംഘിച്ചേക്കുമോയെന്ന ആശങ്കയാണ് നിയമ വിദഗ്ധർ പ്രകടിപ്പിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ഓട്ടവയിലെ ഇൻ്റർനെറ്റ് നിയമ പ്രൊഫസറായ മൈക്കിൾ ഗീസ്റ്റ് ഉൾപ്പെടെയുള്ളവർ ബില്ലിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. കാനഡയിൽ താമസിക്കുന്നവരുടെ സ്വകാര്യതയുടെ കാര്യത്തിൽ ഏതൊരു ഗവൺമെൻ്റും നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ അതിരുകടന്ന ഇടപെടലുകളിൽ ഒന്നാണിത് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും പൗരാവകാശ സംഘടനകളും ഈ ബിൽ പൗരൻമാരുടെ ചാർട്ടർ അവകാശങ്ങൾ ലംഘിക്കുമെന്ന ആശങ്ക ശക്തമായി ഉന്നയിക്കുകയും, നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വകാര്യത സംരക്ഷിക്കുന്ന നിലവിലെ നിയമങ്ങൾ മറികടക്കാൻ ഈ ബിൽ നിയമപാലകരെ സഹായിക്കുമെന്നാണ് പ്രധാന വിമർശനം.







