ചെമ്പ് ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഓഗസ്റ്റ് 1 മുതൽ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേരിക്ക വീണ്ടും മുൻനിര ചെമ്പ് ഉൽപാദക രാജ്യമായി മാറുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സെമികണ്ടക്ടറുകൾ, വിമാനങ്ങൾ, ബാറ്ററികൾ എന്നിവയ്ക്ക് ചെമ്പ് ആവശ്യമാണെന്നും പ്രതിരോധ വകുപ്പ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ വസ്തുവാണ് ചെമ്പെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ചെമ്പ് ശുദ്ധീകരണത്തിൽ ചൈനയുടെ ആധിപത്യം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ട്രംപ് ഫെബ്രുവരിയിൽ ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. അതേസമയം തീരുവ ഭീഷണി യുഎസിൽ ചെമ്പ് വില ഇതിനകം തന്നെ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഉയർന്ന വില മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കിയേക്കാമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.