ഓട്ടവ: കനേഡിയൻ സേനയിലെ അംഗങ്ങൾ ഉൾപ്പെട്ട വിവാദ ഫേസ്ബുക്ക് പേജിനെക്കുറിച്ച് സൈനിക പോലീസ് അന്വേഷണം തുടങ്ങി. “വെറുപ്പുളവാക്കുന്നത്” എന്നാണ് ആർമിയുടെ കമാൻഡിംഗ് ഓഫീസർ ഈ ഫെയ്സ് ബുക്ക് പേജിനെക്കുറിച്ച് വിശേഷിപ്പിച്ചത്. വംശീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പോസ്റ്റുകളുള്ള ഈ ഫേസ് ബുക് പേജുമായി ബന്ധപ്പെട്ട് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാൽ, അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാലാണ് സൈനിക പോലീസ് ഇതേറ്റെടുത്തത്.
ബ്ലൂ ഹാക്കിൾ മാഫിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെക്കുറിച്ച് ജൂൺ 25ന് തനിക്ക് വിവരം ലഭിച്ചതായും അവയിൽ കനേഡിയൻ ആർമിയിലെ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ലെഫ്റ്റനൻ്റ് ജനറൽ മൈക്കൽ റൈറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഗ്രൂപ്പിൻ്റെ പോസ്റ്റുകളിൽ “വംശീയത, സ്ത്രീവിരുദ്ധത, സ്വവർഗാനുരാഗം, സെമിറ്റിക് വിരുദ്ധ അഭിപ്രായങ്ങളും ചിത്രങ്ങളും” തുടങ്ങിയവ ഉണ്ടായിരുന്നതായി റൈറ്റ് പറയുന്നു. 2024 ഡിസംബറിൽ തന്നെ ഈ ഗ്രൂപ്പിനെ കുറിച്ച് കമാൻഡ് ശൃംഖലയ്ക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. ആരോപണവിധേയരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു.
എന്നാൽ, അന്വേഷണം പൂർത്തിയാകാത്തതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ കഴിയില്ലന്നും റൈറ്റ് വ്യക്തമാക്കി. കനേഡിയൻ സായുധ സേനയിലെ വിവിധ വിഭാഗങ്ങളിൽ നിന്നും ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സമീപ വർഷങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഇതേ തുടർന്ന് കനേഡിയൻ സായുധ സേനയിൽ മാറ്റങ്ങൾ വേണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ജസ്റ്റിസ് ലൂയിസ് അർബർ 48 ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ടും സമർപ്പിച്ചിരുന്നു.