കാലിഫോർണിയ: സ്‌പാമിംഗും കണ്ടൻറ് കോപ്പിയടിയും തടയുന്നതിൻറെ ഭാഗമായി മെറ്റ 2025ൽ ഇതുവരെ നീക്കം ചെയ്തത് ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകൾ. ഫേസ്ബുക്ക് പേജ് കൂടുതൽ സത്യസന്ധവും ആധികാരികവും പ്രധാന്യമുള്ളതുമാക്കി മാറ്റാനുള്ള വിശാല ശ്രമത്തിൻറെ ഭാഗമാണ് ഈ നീക്കമെന്ന് മെറ്റ വ്യക്തമാക്കി. ഇതിൻറെ ഭാഗമായി ഒറിജനൽ കണ്ടൻറുകൾ പ്രോത്സാഹിപ്പിക്കാനുള്ള കൂടുതൽ നടപടികൾ മെറ്റ പ്രഖ്യാപിക്കുകയും ചെയ്തു. കോപ്പിയടി കണ്ടൻറുകൾ കണ്ടെത്താനുള്ള പുത്തൻ സംവിധാനം തയ്യാറായതായും മെറ്റ അറിയിച്ചു.
കണ്ടൻറ് കോപ്പിയടിക്കാർ ജാഗ്രതൈ
ഫേസ്ബുക്ക് ഫീഡ് സത്യസന്ധമാക്കാൻ കർശന നടപടികൾ സ്വീകരിക്കുകയാണ് മെറ്റ. ഇനി മുതൽ ഒറിജിനൽ കണ്ടൻറുകൾക്കേ പ്രാധാന്യം നൽകൂവെന്ന് മെറ്റ അധികൃതർ വ്യക്തമാക്കി. അൺഒറിജിനൽ അഥവാ മറ്റ് കണ്ടൻറ് ക്രിയേറ്റർമാരുടെ ഉള്ളടക്കങ്ങൾ, മതിയായ ക്രഡിറ്റ് നൽകാതെ തുടർച്ചയായി പോസ്റ്റ് ചെയ്യുന്നത് തടയുകയാണ് പ്രധാനമായും മെറ്റ ഇതിൻറെ ഭാഗമായി ചെയ്യുന്നത്. അഭിപ്രായങ്ങൾ രേഖപ്പെടുത്തിയോ അല്ലാതെയോ ഉള്ളടക്കങ്ങൾ റീഷെയർ ചെയ്യുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. എന്നാൽ മറ്റുള്ളവരുടെ ഉള്ളടക്കങ്ങൾ അവരുടെ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡിൽ നേരിട്ട് പോസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മെറ്റ ബ്ലോഗ്‌പോസ്റ്റിൽ വ്യക്തമാക്കി. മറ്റുള്ള ആളുകൾ പോസ്റ്റ് ചെയ്ത വീഡിയോകളും ചിത്രങ്ങളും എഴുത്തുകളും കടപ്പാട് രേഖപ്പെടുത്താതെ തുടർച്ചയായി പോസ്റ്റ് ചെയ്യുന്നത് ചെറുക്കാൻ ശക്തമായ നടപടികൾ മെറ്റ പ്രഖ്യാപിച്ചു.
കോപ്പിയടിക്കാരെ ഫേസ്‌ബുക്ക് മോണിറ്റൈസേഷൻ പ്രോഗ്രാമിൽ നിന്ന് പുറത്താക്കുക മാത്രമല്ല, പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന മുന്നറിയിപ്പും മെറ്റ നൽകി. മെറ്റയുടെ സംവിധാനം ഫേസ്ബുക്കിൽ കോപ്പിയടി വീഡിയോകൾ തിരിച്ചറിഞ്ഞാൽ, യഥാർഥ സൃഷ്‌ടാക്കൾക്ക് അവർ അർഹിക്കുന്ന ദൃശ്യപരത ലഭിക്കുന്നതിനായി കോപ്പിയടി വീഡിയോയുടെ റീച്ച് കുറയ്ക്കുമെന്ന് മെറ്റ അധികൃതർ വിശദീകരിച്ചു. യഥാർഥ വീഡിയോയുടെ ലിങ്ക് ഡ്യൂപ്ലിക്കേറ്റ് വീഡിയോകൾക്കൊപ്പം പ്രദർശിപ്പിക്കുന്ന രീതി പരീക്ഷിക്കാൻ ശ്രമിക്കുകയാണെന്നും മെറ്റയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഇത് നിലവിൽ വന്നാൽ ഓരോ വീഡിയോയുടെയും താഴെ Original by എന്ന ഡിസ്‌ക്ലൈമർ കാണാനാകും.
ഒറിജിനൽ കണ്ടൻറുകൾക്ക് മെറ്റയുടെ പ്രോത്‌സാഹനം
നിങ്ങളുടെ കണ്ടൻറിന് കൂടുതൽ വിസിബിളിറ്റി ലഭിക്കാൻ ഒറിജിനൽ കണ്ടൻറുകൾ പോസ്റ്റ് ചെയ്യാനും, ശരിയായ തലക്കെട്ടുകളും ഹാഷ്‌ടാഗുകളും നൽകാനും, തേഡ്-പാർട്ടി ആപ്പുകളുടെ വാട്ടർമാർക്കുകൾ ഒഴിവാക്കാനും അടക്കമുള്ള നിർദ്ദേശങ്ങളും മെറ്റ പുറപ്പെടുവിച്ചിട്ടുണ്ട്. ഒറിജിനൽ കണ്ടൻറ് പ്രോത്സാഹിക്കാനുള്ള നയം യൂട്യൂബും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കോപ്പിയടി കണ്ടൻറുകൾക്ക് പണം ലഭിക്കില്ല എന്ന് പുതുക്കിയ മോണിറ്റൈസേഷൻ പോളിയിൽ യൂട്യൂബ് അധികൃതർ തറപ്പിച്ചുപറയുന്നു.