ആൽബർട്ട: ലോങ് ബാലറ്റ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതിനായി കാനഡയിലെ തെരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവ്. സെപ്റ്റംബറിൽ പാർലമെൻ്റ് വീണ്ടും ചേരുമ്പോൾ നിയമം അവതരിപ്പിക്കണമെന്നാണ് അദ്ദേഹം സഭാ അധ്യക്ഷൻ സ്റ്റീവ് മക് കിന്നണ് അയച്ച കത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ജനാധിപത്യമല്ലെന്നും നിയമങ്ങൾ അട്ടിമറിക്കാനും വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനും തിരഞ്ഞെടുപ്പുകളിലുള്ള വിശ്വാസം തകർക്കാനുമുള്ള മനഃപൂർവമായ ശ്രമമാണെന്നും ലോങ് ബാലറ്റ് പ്രതിഷേധങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ഏപ്രിലിലെ പൊതുതെരഞ്ഞെടുപ്പിൽ താൻ ദീർഘകാലമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന കാൾട്ടൺ മണ്ഡലത്തിൽ പൊളിയേവ് പരാജയപ്പെട്ടിരുന്നു. അന്നവിടെ 91 സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. അവരിൽ ഭൂരിഭാഗവും ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവരുമായിരുന്നു. തുടർന്ന് അടുത്ത മാസം നടക്കുന്ന ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മല്സരിക്കുകയാണ് അദ്ദേഹം. ഇവിടെ ഇതിനകം തന്നെ 178 സ്ഥാനാർത്ഥികൾ മല്സരരംഗത്തെത്തിക്കഴിഞ്ഞു. ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി എന്നറിയപ്പെടുന്ന ഒരു കൂട്ടം തിരഞ്ഞെടുപ്പ് പരിഷ്കരണ വക്താക്കളാണ് ഇതിന് പിന്നിൽ. തെരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സഭാ അധ്യക്ഷൻ സ്റ്റീവ് മക് കിന്നണ് അയച്ച കത്ത് പൊളിയേവ് സാമൂഹ്യ മാധ്യമങ്ങളിലും പങ്കു വച്ചിട്ടുണ്ട്.