ബ്ലൂ-ഗ്രീന്‍ ആല്‍ഗകള്‍ നിയന്ത്രിക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ച് ലെത്ത്ബ്രിഡ്ജ് സിറ്റി. ആല്‍ഗകള്‍ പുറത്തുവിടുന്ന വിഷവസ്തുക്കള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ദോഷകരമാണെന്നും അതിനാലാണ് സിറ്റി അതിവേഗ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും പാര്‍ക്ക്‌സ് നാച്ചുറല്‍ റിസോഴ്‌സ് കോര്‍ഡിനേറ്റര്‍ ജാക്കി കാര്‍ഡിനല്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹെന്‍ഡേഴ്‌സണ്‍ തടാകത്തില്‍ ബ്ലൂ-ഗ്രീന്‍ ആല്‍ഗകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ശനമായ ആല്‍ഗെസൈഡ് പ്രോഗ്രാമും അനുകൂലമായ കാലാവസ്ഥയും കാരണം ഈ വര്‍ഷം ആല്‍ഗകളുടെ അളവ് കുറഞ്ഞെന്നും കാര്‍ഡിനല്‍ കൂട്ടിച്ചേര്‍ത്തു.
ലെത്ത്ബ്രിഡ്ജ് നഗരവും ലെത്ത്ബ്രിഡ്ജ് പോളിടെക്‌നിക്കും തടാകത്തിലെ വെള്ളം നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തുവരികയാണ്. സൂര്യപ്രകാശമാണ് ആല്‍ഗകളുടെ വളര്‍ച്ചയെ സഹായിക്കുന്നത്, അതിനാല്‍ മഴയും മറ്റ് കാലാവസ്ഥാ ഘടകങ്ങളും സഹായകമായതായി കാര്‍ഡിനല്‍ വ്യക്തമാക്കി. മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടത് പ്രശ്‌നം നിയന്ത്രിക്കാന്‍ സഹായിച്ചുവെന്നും അവര്‍ പറഞ്ഞു.