വാൻകുവർ: പുലർച്ചെ നാല് മണിവരെ വാൻകുവറിൽ മദ്യ വിൽപ്പന നടത്താൻ അനുവാദം നൽകി സിറ്റി കൗൺസിൽ. ഇതോടെ നഗരത്തിൽ രാത്രി വൈകി വരുന്ന വിനോദയാത്രാ സംഘങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും. സിറ്റി കൗൺസിലർമാർ പുതിയ ലിക്വർ സർവീസ് സമയം അംഗീകരിച്ചതോടെ കൂടുതൽ കേന്ദ്രങ്ങളിൽ പുലർച്ചെ വരെ മദ്യം വിളമ്പാൻ സാധിക്കും. മാറ്റങ്ങൾ പ്രകാരം, വാൻകുവർ ഡൗൺടൗണിൽ മദ്യ വിൽപ്പനശാലകൾ അടയ്ക്കുന്ന സമയം പുലർച്ചെ നാല് മണി വരെ ദീർഘിപ്പിക്കും.
അതേസമയം, ഡൗൺടൗൺ കോറിന് പുറത്തുള്ള പ്രദേശങ്ങളിൽ മദ്യ വിൽപ്പനശാലകൾ അടയ്ക്കാനുള്ള സമയം വാരാന്ത്യങ്ങളിൽ പുലർച്ചെ 3 മണിവരെയും മറ്റ് ദിവസങ്ങളിൽ പുലർച്ചെ 2 മണിവരെയും ദീർഘിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു. എന്നാൽ, പുതുക്കിയ സമയക്രമം പെട്ടെന്ന് നിലവിൽ വരില്ല. അതിന് മദ്യവിൽപ്പനശാലകൾ അവരുടെ ലിക്വർ ലൈസൻസ് പുതുക്കേണ്ടതിന് അപേക്ഷിക്കേണ്ടതുണ്ട്. കൂടാതെ, ഈ പ്രക്രിയയ്ക്ക് പൊതുജനങ്ങളുടെ അഭിപ്രായം അറിയേണ്ടതും പ്രധാനമാണ്. ലിക്വർ സർവീസ് സമയം ദീർഘിപ്പിക്കുന്നത് സ്ഥാപനങ്ങൾക്ക് കുറച്ചുകൂടി വരുമാനം നേടാൻ സഹായിക്കുമെന്ന് വാൻകുവർ കൗൺസിലർ സാറാ കിർബി പറഞ്ഞു.