ഓട്ടവ: കാനഡയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ നൽകുന്ന ഏക ഏജൻസിയായ ബിഎൽഎസിനെതിരെ പരാതി പ്രളയം. അധിക ചാർജ് അടയ്ക്കാൻ സമ്മർദ്ദം ചെലുത്തിയതായി നിരവധി ആളുകളാണ് പരാതിപ്പെടുന്നത്. ഇന്ത്യ സന്ദർശിക്കാനോ കാനഡയിൽ നിയമപരമായി തുടരാനോ പലരും ആശയിക്കുന്നത് ബി എൽ എസിനെയാണ്. അമിത ചാർജ്ജ് ഈടാക്കുന്നു എന്ന ആരോപണത്തെ ബിഎൽഎസിൽ ജോലി ചെയ്തിരുന്ന മുൻ ഉദ്യോഗസ്ഥരും ശരിവയ്ക്കുന്നുണ്ട്.
സേവനങ്ങൾ നൽകുന്നതിനോ അപേക്ഷകളുടെ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനോ വേണ്ടി, ക്ലയന്റുകളിൽ നിന്ന് പരമാവധി നിരക്ക് ഈടാക്കാൻ ജീവനക്കാർക്ക് നിർദ്ദേശമുണ്ടായിരുന്നു എന്ന് അവർ പറയുന്നു. ഫോമുകളിലോ ഫോട്ടോകളിലോ ചെറിയ പിശകുകൾ കണ്ടെത്താനും ജീവനക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. തങ്ങൾ ചെയ്യുന്നത് തെറ്റാണെന്നും ക്ലയന്റുകളിൽ നിന്ന് അമിത തുകയാണ് ഈടാക്കുന്നതെന്നും നല്ല ബോധ്യമുണ്ടായിരുന്നു എന്ന് ബിഎൽഎസിലെ ഒരു മുൻ സൂപ്പർവൈസർ പറഞ്ഞു.
സേവന മികവിന് പേരുകേട്ട ബിഎൽഎസ് പാസ്‌പോർട്ട് പുതുക്കൽ, പോലീസ് ക്രിമിനൽ റെക്കോർഡ് പരിശോധനകൾ, തുടങ്ങിയ സേവനങ്ങളാണ് നൽകുന്നത്. തങ്ങൾക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെ ബിഎൽഎസ് നിഷേധിച്ചിട്ടുണ്ട്. സുതാര്യതയുള്ള പ്രവർത്തനത്തിനും, സേവന മികവിനും പേര് കേട്ട കമ്പനിയാണ് തങ്ങളുടേതെന്നും ബിഎൽഎസ് വ്യക്തമാക്കി.