ഒട്ടാവ: മെക്സിക്കോയിലെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്ന് കാനഡക്കാരുടെ യാത്രാ പ്ലാനുകളിൽ വലിയ മാറ്റം വരുന്നതായി പുതിയ സർവ്വേ റിപ്പോർട്ട്. ലെഗർ നടത്തിയ ഏറ്റവും പുതിയ സർവ്വേ പ്രകാരം, മെക്സിക്കോയിലേക്ക് വിനോദയാത്ര പോകാൻ പദ്ധതിയിട്ടിരുന്ന മൂന്നിലൊന്ന് കാനഡക്കാരും (ഏകദേശം 31 ശതമാനം) തങ്ങളുടെ പ്ലാൻ മാറ്റിയതായി വ്യക്തമാക്കുന്നു. ഇതിൽ ഭൂരിഭാഗം പേരും മെക്സിക്കോയ്ക്ക് പകരം മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, മറ്റ് ഏഴ് ശതമാനം പേർ ഇതിനോടകം ബുക്ക് ചെയ്ത യാത്രകൾ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും സർവ്വേ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം മെക്സിക്കൻ സൈന്യം ഒരു പ്രമുഖ ലഹരിമരുന്ന് സംഘത്തലവനെ വധിച്ചതിനെത്തുടർന്ന് ഉണ്ടായ കലാപമാണ് കാനഡക്കാരെ ഭീതിയിലാഴ്ത്തിയത്. പ്യൂർട്ടോ വല്ലാർട്ട പോലെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപം റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾ തീയിടുകയും ചെയ്തതോടെ അയ്യായിരത്തോളം കാനഡക്കാരാണ് വിവിധ ഹോട്ടലുകളിൽ കുടുങ്ങിപ്പോയത്. സർവ്വേയിൽ പങ്കെടുത്ത 55 ശതമാനം കാനഡക്കാരും മെക്സിക്കോ സന്ദർശിക്കുന്നതിൽ തങ്ങൾക്ക് കനത്ത ആശങ്കയുണ്ടെന്ന് രേഖപ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഗ്ലോബൽ അഫയേഴ്സ് കാനഡയും പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എങ്കിലും, സർവ്വേയിൽ പങ്കെടുത്ത 46 ശതമാനം പേർ തങ്ങളുടെ മെക്സിക്കൻ യാത്രയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. മുൻപ് ഒന്നിലധികം തവണ മെക്സിക്കോ സന്ദർശിച്ചിട്ടുള്ളവർക്കിടയിൽ ഈ ആത്മവിശ്വാസം കൂടുതലാണെന്ന് പഠനം പറയുന്നു. മെക്സിക്കോയിലെ സ്ഥിതിഗതികൾ ഓരോ ദിവസവും മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അതീവ ജാഗ്രത വേണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വെസ്റ്റ്ജെറ്റ്, എയർ കാനഡ തുടങ്ങിയ വിമാനക്കമ്പനികൾ പല സർവീസുകളും റദ്ദാക്കിയത് യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. മാർച്ച് ബ്രേക്ക് അടുത്തിരിക്കെ, കാനഡക്കാർ സുരക്ഷിതമായ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടുന്നത് മെക്സിക്കോയുടെ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാകും.







