ഒരു പതിറ്റാണ്ടായി ഗെയിൽ ലെയ്ൻ എന്ന കനേഡിയൻ സ്ത്രീ അന്ധയായിരുന്നു. എന്നാൽ വാൻകുവറിൽ നടന്ന അത്യപൂർവ്വമായ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയ്‌നിന് കാഴ്ചശക്തി തിരിച്ചുകിട്ടി. കണ്ണിൽ പല്ല് വെച്ച് നടത്തിയ അത്യപൂർവ്വമായൊരു ശസ്ത്രക്രിയ. കാനഡയിൽ ഇത് ആദ്യമായാണ് പല്ലെടുത്ത് കണ്ണിൽ വെച്ചുള്ള അപൂർവ്വ ശസ്ത്രക്രിയ നടന്നത്. എന്നാൽ ഇറ്റലിയിൽ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ ശസ്ത്രക്രിയ ആരോഗ്യ മേഖലയിൽ പുതു ചരിത്രം കുറിച്ചിരുന്നു.
വാൻകുവറിലെ മൗണ്ട് സെയ്ന്റ് ജോസഫ് ആശുപത്രിയിൽ വെച്ച് ഫെബ്രുവരി അവസാനത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ കോമ്പല്ലെടുത്ത് ഇതിനുള്ളിൽ പ്ലാസ്റ്റിക് ഒപ്റ്റിക്കൽ ലെൻസ് വെച്ച ശേഷം ഈ ഘടനയെ പൂർണമായും കണ്ണിലേക്ക് മാറ്റുന്നതാണ് ശസ്ത്രക്രിയ. ഇതിന്റെ ആദ്യഘട്ടമാണ് പൂർത്തിയായതെന്ന് ആശുപത്രി അധികൃതർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഗെയ്ൽ ലെയ്‌നിന്റെ പല്ല് പുറത്തെടുത്ത് അത് ചതുരാകൃതിയിലാക്കി അതിനൊരു ദ്വാരം ഉണ്ടാക്കും. ഇതിലേക്ക് ഒരു പ്ലാസ്റ്റിക് ഒപ്റ്റിക്കൽ ലെൻസ് കടത്തും. ഈ പല്ല് മൂന്ന് മാസം കാലം ലെയ്‌നിന്റെ കവിളിൽ ഘടിപ്പിക്കും. ഇതാണ് ആദ്യ ഘട്ടം. ഈ ശസ്ത്രക്രിയയ്ക്ക് ആറ് മണിക്കൂർ സമയമെടുക്കും. മൂന്ന് മാസത്തിന് ശേഷം കവിളിൽ നിന്നും പല്ലെടുത്ത് കണ്ണിന്റെ മുൻഭാഗത്തായി ഘടിപ്പിക്കും. പിങ്ക് കളറിലുള്ള കണ്ണും കറുത്ത വൃത്തവുമാണ് രോഗിക്ക് ലഭിക്കുക. സങ്കീർണമായ ശസ്ത്രക്രിയയാതിനാൽ ഒരു കണ്ണിൽ മാത്രമാണ് ഇത് ചെയ്യുകയെന്നും ഡോക്ടർമാർ പറഞ്ഞു.