ട്രക്ക് ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന ഡ്രൈവർ ഇൻക് സംവിധാനത്തിന് അവസാനമിടാൻ കനേഡിയൻ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ. ട്രക്കിംഗ് വ്യവസായത്തിലെ നിയമപരമായൊരു പഴുതടയ്ക്കാനുള്ള നടപടികൾ ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും.
“ഡ്രൈവർ ഇൻക് (Driver Inc.)” എന്ന സംവിധാനത്തിന് അവസാനമിടാനാണ് ധനമന്ത്രിയുടെ ശ്രമം. ഡ്രൈവർമാരെ ജീവനക്കാരായി കണക്കാക്കുന്നതിന് പകരം സ്വതന്ത്ര കരാറുകാരായി ലേബൽ ചെയ്യാൻ ഈ സംവിധാനം കമ്പനികളെ അനുവദിക്കുന്നു. പേറോൾ നികുതികൾ ഒഴിവാക്കാൻ ഇത് കമ്പനികളെ സഹായിക്കും. എന്നാൽ ഇതിലൂടെ ഡ്രൈവർമാർക്ക് ലഭിക്കേണ്ട ശരിയായ ആനുകൂല്യങ്ങളും പെൻഷനും നിഷേധിക്കപ്പെടുകയും ചെയ്യും. ഈ രീതി തൊഴിലാളികളോടും നിയമം അനുസരിക്കുന്ന കമ്പനികളോടുമുള്ള അനീതിയാണെന്നാണ് സർക്കാർ പറയുന്നത്.
ഡ്രൈവർമാരുടെ സുരക്ഷയും ന്യായമായ തൊഴിൽ സാഹചര്യങ്ങളും അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് ക്യുബെക്കോയിസ് ഈ പരിഷ്കാരങ്ങൾക്കായി സമ്മർദ്ദം ചെലുത്തിയിരുന്നു. ഡ്രൈവർമാരുടെ ഈ തെറ്റായ വർഗ്ഗീകരണം തൊഴിലാളികളെയും സത്യസന്ധരായ തൊഴിലുടമകളെയും ഒരുപോലെ ദ്രോഹിക്കുന്ന ചൂഷണമാണെന്ന് തൊഴിൽ മന്ത്രി പാറ്റി ഹൈഡുവും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, നാല് വർഷത്തിനുള്ളിൽ 77 ദശലക്ഷം ഡോളർ കാനഡ റെവന്യൂ ഏജൻസിക്ക് (CRA) നൽകും. കരാർ തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്ന ബിസിനസ്സുകളെ നേരിടാൻ ഒരു പുതിയ പ്രോഗ്രാം രൂപപ്പെടുത്താനും ഇത് സഹായിക്കും.







