2026-ൽ ചന്ദ്രനിലേക്കുള്ള യാത്രയ്ക്കായി പരിശീലനം തുടർന്ന് കാനേഡിയൻ ബഹിരാകാശയാത്രികൻ ജെറമി ഹാൻസൻ. നിരവധി തടസങ്ങൾ നേരിട്ടിട്ടും 2026 ആദ്യം നടക്കാനിരിക്കുന്ന ആർട്ടെമിസ് II ദൗത്യത്തിനായി കടുത്ത പരിശീലനത്തിലാണ് ഹാൻസൻ. ദൗത്യത്തിലൂടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ അമേരിക്കൻ അല്ലാത്ത വ്യക്തിയാകും ഹാൻസനെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ദൗത്യത്തിലുണ്ടാകുന്ന താമസങ്ങൾ വ്യക്തിപരമായ ആവേശത്തെ ബാധിച്ചിട്ടില്ലെന്ന് ഹാൻസൻ വ്യക്തമാക്കി. താൻ ഏറെ ബഹുമാനിക്കുന്ന മികച്ച സംഘത്തോടൊപ്പം ബഹിരാകാശത്തേക്ക് പറക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാസയിലെ പരിചയസമ്പന്നരായ സഹയാത്രികരുമായുള്ള കൂട്ടായ്മയും സഹകരണവുമാണ് ദൗത്യത്തിൻ്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ദൗത്യത്തിനായി ഒരുമിച്ചുള്ള തയ്യാറെടുപ്പുകൾ തങ്ങളെ കൂടുതൽ അടുപ്പിച്ചുവെന്നും ചില തടസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെ അതിജീവിക്കുകയാണന്നും ഹാൻസൻ വ്യക്തമാക്കി. ആർട്ടെമിസ് II ദൗത്യത്തിലൂടെ മനുഷ്യർ വീണ്ടും ചന്ദ്രൻ്റെ ഭ്രമണപഥത്തിലേക്ക് മടങ്ങി എത്തി, ചരിത്രനിമിഷം സൃഷ്ടിക്കുമെന്നാണ് ദൗത്യ സംഘാംഗങ്ങളുടെ പ്രതീക്ഷ.







