ജൂണിൽ പ്രതീക്ഷകളെ മറികടന്ന് കാനഡയിൽ നിയമനങ്ങളിൽ അപ്രതീക്ഷിത കുതിച്ചുചാട്ടത്തെ തുടർന്ന് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. സാമ്പത്തിക മേഖല 83,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതോടെ ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായാണ് കുറഞ്ഞത്. കൂടുതലും പാർട്ട് ടൈം ജോലികളിലാണ് തൊഴിലവസരങ്ങൾ വർധിച്ചതെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു.
അമേരിക്കയുമായുള്ള കാനഡയുടെ താരിഫ് തർക്കത്തെത്തുടർന്ന് സമീപ മാസങ്ങളിൽ തൊഴിൽ നഷ്ടം നേരിട്ട നിർമ്മാണ മേഖലയിൽ പോലും ജൂണിൽ 10,000 തസ്തികകളുടെ വർധന രേഖപ്പെടുത്തി. ജൂലൈ 30 ന് അടുത്ത പലിശ നിരക്ക് തീരുമാനത്തിനായി തയ്യാറെടുക്കുമ്പോൾ തൊഴിലില്ലായ്മ നിരക്ക് ബാങ്ക് ഓഫ് കാനഡ സൂക്ഷ്മമായി വിശകലനം ചെയ്യും.