ഓട്ടവ: കാനഡയുടെ ധനക്കമ്മി 100 ബില്യൺ ഡോളറിലേക്ക് ഉയരുമെന്ന് നാഷണൽ ബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധൻ സ്റ്റെഫെയ്ൻ മാരിയൻ മുന്നറിയിപ്പ് നൽകി. ഫെഡറൽ സർക്കാർ വലിയ പദ്ധതികൾ പിന്തുടരുന്നതിനാലും കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുന്നതിനാലും കാനഡയുടെ കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിൻ്റെ (GDP) ഏകദേശം 3% വരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തിക വർഷം കാനഡയുടെ സാമ്പത്തിക കമ്മി 100 ബില്യൺ ഡോളറിൽ എത്തുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഇത് സർക്കാർ ഡിസംബറിൽ പ്രവചിച്ച 42 ബില്യൻ്റെ ഇരട്ടിയിലധികം വരുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ജി 7 രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയുടെ കമ്മി താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആനുകൂല്യം പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഊർജ്ജ-വ്യാവസായിക മേഖലയിൽ വലിയൊരു ശക്തിയാകാനുള്ള കാനഡയുടെ സാധ്യതകളെ തടസ്സപ്പെടുത്തുന്ന ഫെഡറൽ നിയന്ത്രണങ്ങൾ അവലോകനം ചെയ്യാനുള്ള കാർണിയുടെ നടപടികൾ, ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്ന് സ്റ്റെഫെയ്ൻ മാരിയൻ പറഞ്ഞു. ഒക്ടോബർ 29-ന് നടക്കുന്ന അടുത്ത യോഗത്തിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കാൽ ശതമാനം കുറച്ച് 2.25% ആക്കുമെന്നാണ് താൻ പ്രതീക്ഷികുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുതിച്ചുയരുന്ന കമ്മി രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചും, കടബാധ്യതയെക്കുറിച്ചുമുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ്. സർക്കാരിൻ്റെ ചിലവ് കൂടുന്നതിനനുസരിച്ച്, ഫെഡറൽ കടം അടച്ചുതീർക്കുന്നതിനായുള്ള പലിശ ചെലവുകൾ ആരോഗ്യ ട്രാൻസ്ഫറുകൾക്കായി പ്രവിശ്യകളിലേക്ക് നൽകുന്ന തുകയേക്കാൾ കൂടുതലായിട്ടുണ്ട്. ഇത്തരത്തിലുള്ള ധനക്കമ്മി വളരുന്ന പ്രവണത, ഭാവി തലമുറകളുടെ മേൽ വലിയ കടഭാരം അടിച്ചേൽപ്പിക്കുമെന്നും, സാമ്പത്തിക മാന്ദ്യമുണ്ടായാൽ സർക്കാരിന് പ്രതികരിക്കാനുള്ള ശേഷി കുറയ്ക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ വലിയ നിക്ഷേപങ്ങളും, കൃത്യമായ സാമ്പത്തിക പരിഷ്കരണങ്ങളും ആവശ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.







