ഓട്ടവ : നവംബർ 18 ബുധനാഴ്ച കാനഡയിലെ ജനങ്ങളുടെ ഫോണുകളിലും ടിവികളിലും റേഡിയോകളിലും മുന്നറിയിപ്പ് ശബ്ദങ്ങൾ മുഴങ്ങും. ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ (National Emergency Alert System) ‘അലേർട്ട് റെഡി’യുടെ ഈ വർഷത്തെ രണ്ടാമത്തെ പരീക്ഷണം നാളെ നടക്കും. എല്ലാ പ്രവിശ്യകളിലും ടെറിട്ടറികളിലും, ടിവി, റേഡിയോ, കൂടാതെ LTE അല്ലെങ്കിൽ 5G നെറ്റ്വർക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഉപകരണങ്ങൾ എന്നിവയിൽ ശബ്ദസന്ദേശം എത്തും.
ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, കാട്ടുതീ, ‘ആംബർ അലേർട്ടുകൾ’ (Amber Alerts) തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനാണ് സർക്കാരുകൾ ‘അലേർട്ട് റെഡി’ ഉപയോഗിക്കുന്നത്. ടെസ്റ്റ് അലേർട്ടുകൾ സ്വീകരിക്കുന്നതിൽ നിന്നോ, ‘അലേർട്ട് റെഡി’ (Alert Ready) സംവിധാനത്തിൽ നിന്നോ പൂർണ്ണമായും ഒഴിവാകാൻ ആളുകൾക്ക് സാധിക്കില്ല.
ഓരോ പ്രവിശ്യയിലും ടെറിട്ടറിയിലും താഴെ പറയുന്ന പ്രാദേശിക സമയങ്ങളിലാണ് സന്ദേശം എത്തുക:
- ബ്രിട്ടിഷ് കൊളംബിയ – ഉച്ചയ്ക്ക് 1:55-ന്
- ആൽബർട്ട – ഉച്ചയ്ക്ക് 1:55-ന്
- സസ്കാച്വാൻ – ഉച്ചയ്ക്ക് 1:55-ന്
- മനിറ്റോബ – ഉച്ചയ്ക്ക് 1:55-ന്
- ഒൻ്റാരിയോ – ഉച്ചയ്ക്ക് 12:55-ന്
- ക്യുബെക്ക് – ഉച്ചയ്ക്ക് 1:55-ന്
- ന്യൂബ്രൺസ്വിക് – രാവിലെ 10:55-ന്
- നോവസ്കോഷ – ഉച്ചയ്ക്ക് 1:55-ന്
- പ്രിൻസ് എഡ്വേഡ് ഐലൻഡ് – ഉച്ചയ്ക്ക് 12:55-ന്
- ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ – രാവിലെ 9:55-ന്
- നോർത്ത് വെസ്റ്റ് ടെറിറ്ററീസ് – ഉച്ചയ്ക്ക് 1:55-ന്
- യൂകോൺ – ഉച്ചയ്ക്ക് 1:55-ന്
- നൂനവൂട്ട് – ഉച്ചയ്ക്ക് 1:55-ന്








