ടൊറൻ്റോ : കാനഡ പോസ്റ്റും തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള ചർച്ച കരാർ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്ച പുനരാരംഭിച്ചു. മെയ് 22-നാണ് നിലവിലെ തൊഴിൽ കരാർ അവസാനിക്കുന്നത്. ആ തീയതിക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ, പതിനായിരക്കണക്കിന് പോസ്റ്റൽ ജീവനക്കാർ വീണ്ടും സമരത്തിലേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. 2024 നവംബറിലാണ് ഇതിനുമുൻപ് കാനഡ പോസ്റ്റിൽ സമരം നടന്നത്. ഇരു വിഭാഗവും ധാരണയിലെത്താത്തതിനെ തുടർന്ന് ഒരു മാസത്തോളം സമരം നീണ്ടുനിന്നു. പിന്നീട് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് ഇടപെട്ടാണ് ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്.
കാനഡ പോസ്റ്റിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കാൾട്ടൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഇയാൻ ലീ അഭിപ്രായപ്പെട്ടു. ആളുകൾ കത്തുകൾ അയക്കുന്നത് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. മെയ് 15-ന് കാനഡ പോസ്റ്റിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിടും. വലിയ നഗരങ്ങളിൽ കാനഡ പോസ്റ്റിന് ഭാവിയില്ലെന്നും ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും അവർക്ക് സാധ്യതയുണ്ടെന്നും ഇയാൻ ലീ പറയുന്നു. സ്വകാര്യ കൊറിയർ കമ്പനികൾ പോകാത്ത ഇടങ്ങളിൽ കാനഡ പോസ്റ്റ് സേവനം നൽകുന്നത് തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, കാനഡ പോസ്റ്റ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക് പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉപയോക്താക്കൾ പറയുന്നു.







