ഓട്ടവ: ഓപ്പൺ വർക് പെർമിറ്റിൽ കാനഡ മാറ്റം വരുത്തുന്നതായി റിപ്പോർട്ടുകൾ. രാജ്യാന്തര വിദ്യാർഥികൾ, വിദേശ തൊഴിലാളികൾ എന്നിവരുടെ കുടുംബാംഗങ്ങൾക്കുള്ള ഓപ്പൺ വർക് പെർമിറ്റിൽ ജനുവരി 21 മുതലായിരിക്കും കാനഡ മാറ്റം വരുത്തുക. വിശദ വിവരങ്ങളും അന്നു പ്രഖ്യാപിക്കും. രാജ്യാന്തര വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്ക് കാനഡയിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ വഴിയൊരുക്കിയിരുന്ന പെർമിറ്റാണിത്.
21 മുതൽ ചില പ്രത്യേക വിഭാഗം രാജ്യാന്തര വിദ്യാർഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്കു മാത്രമേ ഓപ്പൺ വർക് പെർമിറ്റിന് അപേക്ഷിക്കാനാകൂ.
മാറ്റങ്ങളിൽ ചിലത്
- 16 മാസത്തിൽ കൂടുതൽ ദൈർഘ്യമുള്ള മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച്ഡി, തിരഞ്ഞെടുത്ത പ്രഫഷനൽ കോഴ്സുകൾ എന്നിവ പഠിക്കുന്ന വിദ്യാർഥികളുടെ ജീവിതപങ്കാളികൾക്കേ ഇനി ഓപ്പൺ വർക് പെർമിറ്റ് ലഭിക്കൂ.
- വിദേശ തൊഴിലാളികളുടെ ടിഇഇആർ 0, 1 ഗണത്തിൽ ഉൾപ്പെട്ടവർ അല്ലെങ്കിൽ ടിഇഇആർ 2,3 വിഭാഗത്തിലെ ചില തിരഞ്ഞെടുത്ത തൊഴിൽമേഖലയിലുള്ളവർ എന്നിവരുടെ പങ്കാളികൾക്കും ഫാമിലി ഓപ്പൺ വർക് പെർമിറ്റ് ലഭിക്കും. ശാസ്ത്ര, നിർമാണ, ആരോഗ്യ, വിദ്യാഭ്യാസ, കായിക, സൈനിക മേഖലകളൊക്കെ ഇതിൽ ഉൾപ്പെടും.
- വിദേശ തൊഴിലാളിയുടെ പങ്കാളി പെർമിറ്റിനായി അപേക്ഷിക്കുന്ന സമയത്ത് തൊഴിലാളിയുടെ വർക് പെർമിറ്റിൽ 16 മാസം അവശേഷിക്കണമെന്നും നിഷ്കർഷയുണ്ട്. തൊഴിലാളികളുടെ മക്കൾക്ക് ഇനി പെർമിറ്റിന് യോഗ്യതയില്ല.
- മുൻകാല പെർമിറ്റുകൾ കാലാവധി വരെ തുടരും.
- ഫ്രീ ട്രേഡ് എഗ്രിമെന്റുകൾ, പെർമനന്റ് റസിഡൻസ് എന്നിവയുടെ സ്കീമുകളിലുള്ളവർക്കു മാറ്റങ്ങൾ ബാധകമല്ല.