മിലാൻ : മിലാനോ കോർട്ടിന 2026 വിന്റർ ഗെയിംസിൽ നിലവിലെ ചാമ്പ്യന്മാരായ ഫിൻലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കാനഡ പുരുഷ ഐസ് ഹോക്കി ഫൈനലിൽ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കാനഡയുടെ ഫൈനൽ പ്രവേശനം. പകുതി സമയം വരെ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന കാനഡ, ക്വാർട്ടർ ഫൈനലിൽ പരുക്കേറ്റ വെറ്ററൻ ക്യാപ്റ്റൻ സിഡ്നി ക്രോസ്ബിയുടെ അഭാവത്തിലും അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഫൈനലിൽ കാനഡ മിലാനോ സാൻ്റാഗിയുലിയ ഐസ് ഹോക്കി അരീനയിൽ നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്-സ്ലൊവാക്യ സെമിഫൈനൽ മത്സരത്തിലെ വിജയിയെ നേരിടും.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഷിയ തിയഡോർ നേടിയ നിർണ്ണായക ഗോൾ കാനഡയ്ക്ക് സമനില നേടിക്കൊടുത്തു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നഥാൻ മക് കിനോൺ നേടിയ ഗോളാണ് കാനഡയുടെ ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. അവസാന ഘട്ടം വരെ കാനഡയെ പ്രതിരോധിക്കാൻ ഫിൻലൻഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാനഡയുടെ വേഗതയ്ക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാർക്ക് അടിപതറുകയായിരുന്നു.







