സി-ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ മൊബൈല്‍ ടിക്കറ്റ് പരിശോധനാ സംവിധാനം അവതരിപ്പിച്ച് കാല്‍ഗറി ട്രാന്‍സിറ്റ്. ഇന്ന് മുതല്‍ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. മൈ ഫെയര്‍ (My Fare) ആപ്പ് വഴി ടിക്കറ്റ് വാങ്ങുന്നവര്‍ ട്രെയിനില്‍ കയറുന്നതിന് മുമ്പ് പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ചിട്ടുള്ള മഞ്ഞ വെരിഫിക്കേഷന്‍ ബോക്‌സുകളില്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് സാധുവാക്കണം. ടിക്കറ്റ് വെട്ടിപ്പ് തടയാനും ഇ-ടിക്കറ്റുകളുടെ ഉപയോഗം കാര്യക്ഷമമാക്കാനുമാണ് ഈ മാറ്റം. ഡേ പാസുകളും പ്രതിമാസ പാസുകളും ആദ്യ യാത്രയില്‍ ഇതുപോലെ സ്‌കാന്‍ ചെയ്യണം.
ടിക്കറ്റ് സാധുവാക്കാത്തവരെ പിടികൂടിയാല്‍ 250 ഡോളര്‍ പിഴ ചുമത്തും. എന്നാല്‍, പുതിയ സംവിധാനം പഠിക്കാന്‍ യാത്രക്കാര്‍ക്ക് സമയം നല്‍കുമെന്നും, ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസപരമായ ബോധവല്‍ക്കരണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും കാല്‍ഗറി പബ്ലിക് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മേധാവി മര്‍സിയ ഗോണ്ടര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലായി എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പിഴ ഈടാക്കല്‍ കര്‍ശനമാക്കൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.