പാർക്കിങ് പിഴയുടെ പേരിൽ നഗരത്തിൽ തട്ടിപ്പുകൾ വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കാൽഗറി പൊലീസ്. പാർക്കിങ് അല്ലെങ്കിൽ ഫോട്ടോ റഡാർ പിഴകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന ഫോൺ സന്ദേശങ്ങൾ തട്ടിപ്പാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പൊലീസ് പറയുന്നു. ലിങ്കുകളോടുകൂടിയ ഇത്തരം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചെയ്യരുത്.
കാൽഗറി സിറ്റിയോ ആൽബർട്ട സർക്കാരോ പിഴ വിവരങ്ങൾ SMS വഴി അയക്കില്ലെന്നും, ടിക്കറ്റുകളും തുടർന്നുള്ള അറിയിപ്പുകളും തപാൽ വഴിയാണ് ലഭിക്കുകയെന്നും പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ സന്ദേശങ്ങൾ ഉടൻ ഡിലീറ്റ് ചെയ്യാനും, തട്ടിപ്പിന് ഇരയായവർ പൊലീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.