കാൽഗറി: കാൽഗറിയിൽ രാത്രികളിൽ തുടർച്ചയായുണ്ടായ കവർച്ചകളുമായി ബന്ധപ്പെട്ട് പൊലീസ് 17 പേരെ കുറ്റക്കാരായി കണ്ടെത്തി. 2024 ആഗസ്റ്റിനും 2025 ജൂണിനും ഇടയിലുണ്ടായ 45 ലധികം കവർച്ചകൾക്ക് ഉത്തരവാദികളെന്ന് കരുതുന്ന മുതിർന്നവരും യുവാക്കളും അടങ്ങുന്ന ഒരു സംഘത്തിനെതിരെ കാൽഗറി പോലീസ് 100 ലധികം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രാത്രി 11 മണി മുതൽ രാവിലെ 7 മണി വരെയുള്ള സമയങ്ങളിൽ വീടുകളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുന്ന സംഘത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ജൂണിൽ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രത്യേകം രൂപീകരിച്ച ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ അന്വേഷണത്തെത്തുടർന്ന്, തെക്കുകിഴക്കൻ കാൽഗറിയിലെമൂന്ന് വീടുകളിൽ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് എട്ട് മുതിർന്നവർക്കും ഒമ്പത് യുവാക്കൾക്കുമെതിരെ കുറ്റം ചുമത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ 43 നും 15 നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികൾക്ക് പരസ്പരം അറിയാമെന്നും ഇവർ ഒരുമിച്ചാണ് വീടുകൾ ലക്ഷ്യം വച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.