ബോളിവുഡ് ഹാസ്യതാരവും നടനുമായ കപിൽ ശർമയുടെ കാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെയിലെ ‘കാപ്‌സ് കഫെ’യ്ക്കു നേരേയാണ് വെടിവെയ്പുണ്ടായത്. തുടർച്ചയായ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാകുന്നത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിംഗ് സംഘവും ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ഇവർ ഉത്തരവാദിത്തം ഏറ്റെടുത്തത്. കഫേയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 25 തവണയോളം അക്രമികൾ കഫേയ്ക്ക് നേരേ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. കപിൽ ശർമയുടെയും ഭാര്യ ഗിന്നി ചത്രാത്തിൻറെയും ഉടമസ്ഥതയിലുള്ള കഫേ കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ ജൂലൈ 10ന് ഖലിസ്ഥാൻ ഭീകർ വെടിയുതിർത്തിരുന്നു. അന്നത്തെ ആക്രമണത്തിൻറെ ഉത്തരവാദിത്വവും ഖലിസ്ഥാൻ ഭീകരനായ ഹർജീത് സിങ് ലാഡി ഏറ്റെടുത്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് വെടിവെയ്പുകളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.